അടക്ക വില കൂടി !
കോഴിക്കോട്: കര്‍ഷകര്‍ക്ക് ആഹ്ളാദം പകര്‍ന്ന് അടയ്ക്ക വില റെക്കാഡ് ഉയരത്തില്‍. മികച്ച നിലവാരമുള്ള അടയ്ക്ക കിട്ടുന്ന കാസര്‍കോട്ടും മലപ്പുറത്തെ പുലാമന്തോളിലും ക്വിന്റലിന് 37,500 രൂപ വരെ കിട്ടുന്നുണ്ട് കര്‍ഷകര്‍ക്ക്. മുമ്ബത്തെ മികച്ച വില 30,000 രൂപയാണ്.
കോഴിക്കോട് മാര്‍ക്കറ്റില്‍ ക്വിന്റലിന് 34,000 രൂപയാണ് വില. 28,000 രൂപയായിരുന്നു ഇവിടെ റെക്കാഡ്. നിരക്ക് ഇനിയും കൂടുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. കൊവിഡ് വ്യാപനം കാരണം ഇറക്കുമതി നിലച്ചത് ഇവിടെ വില ഉയരാന്‍ സഹായകമായി. ഡിമാന്‍ഡ് കൂടിയതിനനുസരിച്ച് ചരക്ക് എത്തുന്നില്ലെന്നതും നിരക്ക് കൂടാന്‍ ഇടയാക്കിയിട്ടുണ്ട്.പുതിയ അടയ്ക്ക മാര്‍ക്കറ്റില്‍ എത്തുന്നത് വരെ വില ഉയര്‍ന്നുനില്‍ക്കുമെന്നാണ് കരുതുന്നത്.
ഉത്തരേന്ത്യന്‍ വിപണിയില്‍ ഡിമാന്‍ഡ് ഗണ്യമായി ഉയരുകയാണ്. നാഗ്പൂര്‍, ഡല്‍ഹി, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെ പാന്‍ പരാഗ് ഫാക്ടറികള്‍ക്ക് അസംസ്കൃത വസ്തുവായ അടയ്ക്ക ആവശ്യത്തിന് ലഭിക്കാത്ത പ്രശ്‌നമേയുള്ളൂ. പുലാമന്തോള്‍, കാസര്‍കോട് ഇനങ്ങള്‍ കൂടുതലായും കയറ്റിപ്പോവുന്നത് ഗുജറാത്തിലേക്കാണ്. അവിടെ മതപരമായ ചടങ്ങുകള്‍ക്ക് അനിവാര്യമാണ് അടയ്ക്ക.
പക്ഷെ വിലയിലുണ്ടായ കുതിച്ചുചാട്ടം ചെറുകിട കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കുന്നില്ല. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ തന്നെ ഇവര്‍ മുഴുവന്‍ സ്റ്റോക്കും വിറ്റഴിച്ചിരുന്നു. ഇപ്പോള്‍ വന്‍കിട കര്‍ഷകരില്‍ മാത്രമാണ് സ്റ്റോക്കുള്ളത്. പ്രകടമായ നേട്ടം കൊയ്യുന്നതും ഇവര്‍ തന്നെ.