അടുത്തവര്‍ഷം പകുതിയോടെ രാജ്യത്ത് 5 ജി സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ്!
ന്യൂഡല്‍ഹി: അടുത്തവര്‍ഷം പകുതിയോടെ രാജ്യത്ത് 5 ജി സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.
ഇന്ത്യയിലെ 5ജി വിപ്ലവത്തില്‍ ജിയോ വഴികാട്ടിയാകുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. രാജ്യത്തു 5ജി സാങ്കേതിക വിദ്യ നടപ്പാക്കാന്‍ നയപരമായ ഇടപെടല്‍ വേഗത്തില്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ആത്മ നിര്‍ഭര്‍ ഭാരതിനുള്ള ശ്രമങ്ങള്‍ക്ക് 5ജി സഹായകമാവുമെന്നും നാലാം വ്യവസായിക വിപ്ലവത്തിന് മുന്നില്‍ നിന്ന് നയിക്കാന്‍ ഇത് ഇന്ത്യയെ പ്രാപ്‌തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനുള്ള സാങ്കേതിക വിദ്യയും ഉപകരണങ്ങളും പ്രാദേശികമായി തയാറാക്കുകയാണു ലക്ഷ്യം- മുകേഷ് അംബാനി വ്യക്തമാക്കി.
ഡിജിറ്റല്‍ ശൃംഖലയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഇതു നിലനിര്‍ത്താന്‍ 5ജി സാങ്കേതിക വിദ്യ എത്രയും വേഗം നടപ്പാക്കേണ്ടതുണ്ട്. നയപരമായ തീരുമാനവും ആവശ്യമാണ്. സാധാരണക്കാരനു താങ്ങാനാവുന്നതുമാകണം- അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 5ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അംബാനിയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ജിയോ 5 ജിയ്‌ക്ക് വേണ്ടിയുള്ള സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിര്‍മിക്കുകയാണെന്നും മുകേഷ് അംബാനി നേരത്തേ റിലയന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ വ്യക്‌തമാക്കിയിരുന്നു.