അലക്സയും ഗൂഗിൾ അസിസ്റ്റന്റും മാതൃകയാക്കി പൊതുസേവനങ്ങൾ നൽകുന്ന രീതിയിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ
കേന്ദ്ര സര്‍ക്കാര്‍ ചില പൊതു സേവനങ്ങള്‍ നല്‍കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ തയാറെടുക്കുന്നതായി റിപോര്‍ട്ടുകള്‍. ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ ദേശീയ ഇ-ഗവേണന്‍സ് വിഭാഗം അതിന്റെ പോര്‍ട്ടലുകളിലൂടെ ഇ-ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിന് ഒരു ചാറ്റ്‌ബോട്ട് അല്ലെങ്കില്‍ ശബ്ദ സഹായ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചതയാണ് വിവരം. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് പോലെയുള്ള സേവനം ആരംഭിക്കാനുള്ള ശ്രമമാണ് ലക്ഷ്യമിടുന്നത്. നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോം വിവിധ ഭാഷകളില്‍ ജനങ്ങളോട് സംവദിക്കുമെന്ന് പി.ടി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വ്യക്തിഗത സേവനങ്ങള്‍ നല്‍കുന്നതിനായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തേക്കും.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള ആപ്പുകളെ സംയോജിപ്പിച്ചുള്ള ഏകീകൃത ഇ-ഗവേണന്‍സ് പ്ലാറ്റ്ഫോമായ ഉമങില്‍ (UMANG) വോയ്സ് അസിസ്റ്റന്റ് സേവനം ആരംഭിക്കുകയാണ് ലക്ഷ്യം. രജിസ്ട്രേഷന്‍, ലോഗിന്‍, പാസ് വേഡ് റീസെറ്റ്, വകുപ്പുതല സേവന സംബന്ധ വിവരങ്ങള്‍, പരിപാടികള്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് വോയ്സ് അസിസ്റ്റന്റ് സേവനം പ്രയോജനപ്പെടുത്താനാവും. സംസാരത്തെ അക്ഷരങ്ങളാക്കി മാറ്റുന്ന സ്പീച്ച് ടു ടെക്സ്റ്റ് സൗകര്യവും ഈ ചാറ്റ്ബോട്ട് നല്‍കും. സര്‍ക്കാര്‍ പദ്ധതി ഇങ്ങനെയൊക്കെയാണെങ്കിലും ഇത് സാക്ഷാത്കരിക്കാന്‍ ഇനിയും വര്‍ഷങ്ങളെടുത്തേക്കും.