ആംനസ്റ്റി-2020 ല്‍ ഓപ്ഷന് സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 30 വരെ !
തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ കുടിശിക നിവാരണ പദ്ധതിയായ ആംനസ്റ്റി-2020 ല്‍ ഓപ്ഷന് സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 30ന് അവസാനിക്കും.
സംസ്ഥാന നികുതി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുടിശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി-2020. ചരക്കു സേവന നികുതി നിയമം നിലവില്‍ വരുന്നതിനു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവര്‍ധിത നികുതി, കേന്ദ്ര വില്പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ്, കാര്‍ഷിക ആദായ നികുതി, കേരള പൊതു വില്പന നികുതി എന്നീ നിയമങ്ങള്‍ പ്രകാരം കുടിശികയുള്ള വ്യാപാരികള്‍ക്കാണ് ഈ പദ്ധതിയില്‍ അപേക്ഷിക്കാന്‍ അവസരം.
പദ്ധതിയില്‍ ഓപ്ഷന് സമര്‍പ്പിക്കുന്ന വ്യാപാരികള്‍ക്ക് പിഴയും പലിശയും 100 ശതമാനം ഇളവു ലഭിക്കും. എന്നാല്‍ പൊതുവില്‍പ്പന നിയമപ്രകാരം 2005ന് ശേഷമുള്ള നികുതി കുടിശികയില്‍ പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. നികുതി കുടിശിക ഒരുമിച്ച് അടയ്ക്കുന്നവര്‍ക്ക് കുടിശികയുടെ 60 ശതമാനവും, തവണകളായി അടയ്ക്കുന്നവര്‍ക്ക് 50 ശതമാനം വരെയും ഇളവ് ലഭിക്കും. നിലവില്‍ അപ്പീലില്‍ ഉള്പ്പെട്ടിട്ടുള്ളതടക്കം എല്ലാ നികുതികുടിശികകള്ക്കും ആംനസ്റ്റി പദ്ധതിയില്‍ ഓപ്ഷന് സമര്‍പ്പിക്കാം. മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള ആംനസ്റ്റി പദ്ധതികളില്‍ അപേക്ഷ നല്കിയ ശേഷം കുടിശിക പൂര്‍ണമായോ, ഭാഗികമായോ അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ആംനസ്റ്റി-2020ല്‍ വീണ്ടും ഓപ്ഷന് നല്കി കുടിശിക തീര്‍ക്കാം. ഓപ്ഷന് സമര്‍പ്പിക്കാന്‍ www.keralatakes.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക.