ആപ്പിളിന്റെ ഹോൾ ഓഫ് ഫെയിമിൽ ഇടംനേടി കുട്ടനാട് സ്വദേശി  

ആലപ്പുഴ: ആപ്പിളിന്റെ ഹോൾ ഓഫ് ഫെയിമിൽ ഇടംനേടി കുട്ടനാട് സ്വദേശി. ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐ ക്ലൗഡ് സർവറിലെ ഗുരുതര പിഴവ് കണ്ടെത്തിയാണ് മങ്കൊമ്പ് കൃഷ്ണവിഹാറിൽ കൃഷ്ണകുമാറിന്റെ മകനും പത്തനംതിട്ട മൗണ്ട് സിയോൺ എൻജിനിയറിങ് കോളേജ് ബി. ടെക് കംപ്യൂട്ടർ സയൻസ് അവസാനവർഷ വിദ്യാർഥിയുമായ കെ എസ് അനന്തകൃഷ്ണന്‍ നേട്ടം സ്വന്തമാക്കിയത്.

ഐ ക്ലൗഡ് മെയിലിലെ സുരക്ഷാവീഴ്ചയാണ് അനന്തകൃഷ്ണൻ കണ്ടെത്തിയത്. വിവരം ആപ്പിളിന്റെ എൻജിനിയർമാരെ അറിയിക്കുകയും അവർ അത് പരിഹരിക്കുകയും ചെയ്തു. എന്നാൽ, അതിലൂടെ പുതിയ അക്കൗണ്ടുകൾക്ക് മാത്രമേ സുരക്ഷ ലഭിക്കൂവെന്നും പഴയ അക്കൗണ്ടുകളുടെ സുരക്ഷാഭീഷണി നിലനിൽക്കുകയാെണന്നുമുള്ള വിവരവും അനന്തകൃഷ്ണൻ ആപ്പിളിനു കൈമാറി. അതും പരിഹരിച്ചുവരുകയാണ് ഇപ്പോൾ.

ഹോൾ ഓഫ് ഫെയിമിൽ അംഗത്വം നൽകിയതിനൊപ്പം 2500 യു. എസ്. ഡോളറും ആപ്പിൾ സമ്മാനമായി നൽകി. മുൻപ് ഗിറ്റ് ഹബ്, ഫെയ്സ്ബുക്ക് തുടങ്ങിയ കമ്പനികളുടെ ഹോൾ ഓഫ് ഫെയിമിലും അനന്തകൃഷ്ണൻ ഇടം നേടിയിരുന്നു. പ്ലസ്ടുവിനു പഠിക്കുമ്പോൾ മുതൽ എത്തിക്കൽ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിവരുന്ന അനന്തകൃഷ്ണൻ കേരള പൊലീസ് സൈബർ ഡോമിൽ അംഗമാണ്. ചമ്പക്കുളം ഫാ. തോമസ് പോരുക്കര സെൻട്രൽ സ്കൂൾ അധ്യാപിക ശ്രീജാ കൃഷ്ണകുമാറാണ് അമ്മ. സഹോദരി: ഗൗരി പാർവതി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team