ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം!ഐഫോൺ 12 ൻ്റ ലോഞ്ച് അടുത്തു
ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി പുത്തൻ സ്മാർട്ട്ഫോൺ ഐഫോൺ 12-ന്റെ ലോഞ്ച് അടുക്കുകയാണ്. സാധാരണ ഗതിയിൽ സെപ്റ്റംബറിൽ ലോഞ്ച് നടക്കേണ്ടതാണ് എങ്കിലും കൊറോണ വൈറസിന്റെ വരവോടെ ഈ വർഷം എത്തേണ്ട ഐഫോൺ 12-ന്റെ ലോഞ്ച് വൈകി. പക്ഷെ ഐഫോൺ ആരാധകർക്ക് സന്തോഷം നൽകും വിധം ഇത്തവണ സർപ്രൈസ് ആയി ഐഫോൺ 12 മിനി ഉണ്ടാകും എന്നാണ് വിവരം.
പുത്തൻ ഐഫോൺ 12 ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആയാവും ഐഫോൺ 12 മിനിയുടെ അരങ്ങേറ്റം. 5ജി കണക്ടിവിറ്റിയോടെ എത്തുന്ന ഐഫോൺ 12 ശ്രേണിയിൽ ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവയാവും മറ്റുള്ള പതിപ്പുകൾ. ടിപ്പ്സ്റ്റെർ L0vetodream ആണ് ഐഫോൺ 12 മിനിയുടെ വരവിനെപ്പറ്റി ആദ്യം റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ പല റിപ്പോർട്ടുകളും ‘മിനി’ മോഡലിന്റെ വരവ് ശരിവയ്ക്കുന്നു. ഐപാഡ് മിനി, മാക് മിനി, ഐപോഡ് മിനി എന്നിങ്ങനെയുള്ള ഡിവൈസുകൾ ആപ്പിൾ വിൽക്കുന്നതിനാൽ ഐഫോൺ ശ്രേണിയിലും മിനി മോഡൽ വന്നാൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.
ഐഫോൺ 12
ഐഫോൺ 12 മിനിയ്ക്ക് 749 ഡോളർ (56,205 രൂപ), ഐഫോൺ 12-ന് 799 ഡോളർ (59,957 രൂപ), ഐഫോൺ 12 പ്രോയ്ക്ക് 1049 ഡോളർ (78,717 രൂപ), ഐഫോൺ 12 പ്രോ മാക്സിന് 1149 ഡോളർ (86221 രൂപ) എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ വില പ്രതീക്ഷിക്കുന്നത്.
ഐഫോൺ 5-ന് സമാനമായി മെറ്റൽ എഡ്ജ് ഡിസൈനിലേക്കുള്ള മടങ്ങിപ്പോക്കാവും ഐഫോൺ 12 എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഏറ്റവും വിലക്കുറവുള്ള മോഡൽ ആയ ഐഫോൺ 12 മിനിയ്ക്ക് വലിപ്പം കുറയുകയും അതെ സമയം സ്ക്രീൻ ടു ബോഡി അനുപാതം കൂടുതലുമായിരിക്കും.
5.4-ഇഞ്ച് ഓഎൽഇഡി ഡിസ്പ്ലേ മുതൽ 120Hz റിഫ്രഷ് റേറ്റുമുള്ള 6.7-ഇഞ്ച് ഓഎൽഇഡി ഡിസ്പ്ലേ ആയിരിക്കും വിവിധ ഐഫോൺ 12 മോഡലുകൾക്ക്. ആപ്പിളിന്റെ പുറത്തിറങ്ങാനിരിക്കുന്ന A14 ബയോണിക് പ്രോസസ്സർ ആയിരിക്കും ഐഫോൺ 12 ശ്രേണിയുടെ കരുത്ത്.
ഐഫോൺ 12 മിനി, ഐഫോൺ 12 ഫോണുകൾക്ക് ഡ്യുവൽ-കാമറ സെറ്റപ്പും, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് ഫോണുകൾക്ക് ട്രിപ്പിൾ-കാമറ സെറ്റപ്പും ആയിരിക്കും.
2,227mAh മുതൽ 3,687mAh വരെയായിരിക്കും വിവിധ ഐഫോൺ 12 മോഡലുകളുടെ ബാറ്ററി കപ്പാസിറ്റി.