ആപ്പിൾ വൺ എന്ത്? എങ്ങനെ സബ്സ്ക്രൈബ് ചെയ്യാം?
ഒക്ടോബർ മാസം 13-ന് ഐഫോൺ 12 അവതരിപ്പിക്കുമ്പോഴാണ് അമേരിക്കൻ ടെക് ഭീമന്മാരായ ആപ്പിളിന്റെ സിഇഓ ടിം കുക്ക് ആപ്പിൾ വണ്ണിന്റെ വരവിനെപ്പറ്റി സൂചിപ്പിച്ചത്. അധികം താമസമില്ലാതെ ആപ്പിൾ വണ്ണിന്റെ സേവനം ഇന്ത്യയിലും ആരംഭിച്ചു. ആപ്പിൾ വൺ ഒരു സബ്സ്ക്രിപ്ഷൻ പാക്കേജ് ആണ്. ആപ്പിളിന്റെ സേവനങ്ങളായ ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി+, ഐക്‌ളൗഡ്, ആപ്പിൾ ആർക്കേഡ്, ആപ്പിൾ ന്യൂസ്+, ആപ്പിൾ ഫിറ്റ്നസ്+ എന്നിവ ഒരു കുടകീഴിൽ ലഭിക്കുന്ന സബ്സ്ക്രിപ്ഷൻ പ്ലാൻ. ആപ്പിൾ ഇന്ത്യ വെബ്‌സൈറ്റിൽ ആപ്പിൾ വൺ സബ്സ്ക്രിപ്ഷൻ പ്ലാനിനെപ്പറ്റിയുള്ള വിവരങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്റിവിച്ച്വൽ, ഫാമിലി എന്നിങ്ങനെ രണ്ട് സബ്സ്ക്രിപ്ഷൻ ബണ്ടിൽ പ്ലാനുകളിൽ ആണ് ആപ്പിൾ വൺ ഇന്ത്യയിൽ ലഭ്യമായിരിക്കുന്നത്. ഇന്റിവിച്ച്വൽ പ്ലാനിന് പ്രതിമാസം 195 രൂപയാണ് ചിലവഴിക്കേണ്ടത്. 50 ജിബി ഐക്‌ളൗഡ് സ്റ്റോറേജ്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി+, ആപ്പിൾ ആർക്കേഡ് എന്നീ സേവങ്ങളാണ് ലഭിക്കുക. പ്രതിമാസം 365 രൂപ ചിലവഴിക്കേണ്ട ആപ്പിൾ വൺ ഫാമിലി പ്ലാനിൽ 200 ജിബി ഐക്ലൗഡ് ഡാറ്റയും മേല്പറഞ്ഞ എല്ലാ സേവനങ്ങളും ലഭിക്കും.
വിദേശ വിപണികളിൽ ആപ്പിൾ വൺ പ്രീമിയർ എന്നൊരു പ്ലാനുമുണ്ട്. ഈ പ്ലാനിൽ 2 ടിബി ഐക്‌ളൗഡ് സ്റ്റോറേജ്, ആപ്പിൾ ന്യൂസ്+, ഫിറ്റ്നസ്+ എന്നിവയും ഇന്റിവിച്ച്വൽ, ഫാമിലി പ്ലാനുകളിലെ സേവനങ്ങളും ലഭിക്കും. ഇതുപക്ഷേ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ള ഇന്റിവിച്ച്വൽ, ഫാമിലി പ്ലാനുകളിലെ ആപ്പിളിന്റെ ഫിറ്റ്നസ് + സബ്സ്ക്രിപ്ഷൻ ഈ വർഷം അവസാനത്തോടെയേ പ്രവർത്തനം ആരംഭിക്കൂ.
ആപ്പിൾ വൺ എങ്ങനെ സബ്സ്ക്രൈബ് ചെയ്യാം?
ആപ്പിൾ വൺ പ്ലാൻ സബ്‌സ്‌ക്രൈബ് ചെയ്യാൻ, നിങ്ങൾ ചെയ്യേണ്ടത് ആപ്പ് സ്റ്റോർ തുറക്കുക. നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്‌ത് ‘സബ്‌സ്‌ക്രിപ്‌ഷൻ’ തിരഞ്ഞെടുക്കുക. നിങ്ങൾ ഇതിനകം സബ്‌സ്‌ക്രൈബ് ചെയ്‌ത സേവനങ്ങൾക്ക് (സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ) പുറമെ ആപ്പിൾ വൺ ട്രൈ ചെയ്യാം എന്ന ഓപ്ഷനും കാണാം. നിങ്ങൾ ഇതുവരെ സബ്‌സ്‌ക്രൈബ് ചെയ്യാത്ത ഏതെങ്കിലും സേവനമുണ്ടെങ്കിൽ അത് സൗജന്യ ട്രയൽ ആയി ലഭിക്കും. മാത്രമല്ല നിങ്ങൾ നിലവിൽ സബ്‌സ്‌ക്രൈബ് ചെയ്‌ത മറ്റ് സേവനങ്ങളുടെ ശേഷിക്കുന്ന കാലയളവിലേക്ക് നിങ്ങൾക്ക് പണം തിരികെ ലഭിക്കും.