ആഭ്യന്തര യാത്രകൾക്കായി ഗോഎയർ വിമാന സർവീസുകൾ ഇന്നുമുതൽ ആരംഭിക്കും
ഡൽഹി: ആഭ്യന്തര യാത്രകൾക്ക് നൂറിലധികം പുതിയ വിമാന സർവീസുകൾ അധികമായി ഏർപ്പെടുത്തുമെന്ന് എയർലൈൻ കമ്പനിയായ ഗോഎയർ അറിയിച്ചു. സെപ്റ്റംബർ 5 മുതൽ മുംബൈയിൽ നിന്ന് ഡൽഹി, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുക. സെപ്റ്റംബർ 21നകം കൊവിഡ്-19ന് മുമ്പുള്ള നിലയുടെ 45 ശതമാനവും ഒക്ടോബർ 15ഓടെ രാജ്യത്ത് കൊറോണ വൈറസ് പകർച്ചവ്യാധി പടരുന്നതിന് മുമ്പ് പ്രവർത്തിച്ചിരുന്നതിന്റെ 60 ശതമാനവും കമ്പനി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഗോഎയർ പ്രസ്താവനയിൽ പറഞ്ഞു.
മുംബൈ, ഡൽഹി, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, ലഖ്‌നൗ, നാഗ്പൂർ, വാരണാസി, ജയ്പൂർ, പട്‌ന, റാഞ്ചി, ഗുവാഹത്തി, ചണ്ഡിഗഢ്, ശ്രീനഗർ, ലേ, ജമ്മു എന്നിവിടങ്ങളിലേക്കുള്ള യാത്രയും പുതിയ വിമാന സർവീസിൽ ഉൾപ്പെടുന്നുണ്ട്
മുംബൈ, ഡൽഹി, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, ലഖ്‌നൗ, നാഗ്പൂർ, വാരണാസി, ജയ്പൂർ, പട്‌ന, റാഞ്ചി, ഗുവാഹത്തി, ചണ്ഡിഗഢ്, ശ്രീനഗർ, ലേ, ജമ്മു എന്നിവിടങ്ങളിലേക്കുള്ള യാത്രയും പുതിയ വിമാന സർവീസിൽ ഉൾപ്പെടുന്നുണ്ട്. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ദിവസേന രണ്ട് വിമാന സർവീസുകളും, മുംബൈയിൽ നിന്ന് അഹമ്മദാബാദ്, ചെന്നൈ, നാഗ്പൂർ, പട്ന, റാഞ്ചി, വാരണാസി, ജയ്പൂർ എന്നിവിടങ്ങളിലേക്ക് ദിവസേന ഒരു സർവീസ് നടത്തും. മുംബൈയിൽ നിന്ന് ലഖ്‌നൗവിലേക്ക് ആഴ്ചയിൽ നാല് വിമാന സർവീസുകളാണ് ഉണ്ടാകുകയെന്നും എയർലൈൻ അറിയിച്ചു.
ഡൽഹിയിൽ നിന്ന് മുംബൈ, അഹമ്മദാബാദ്, പട്ന, ശ്രീനഗർ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇപ്പോൾ രണ്ട് പുതിയ സർവീസുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഡൽഹിയിൽ നിന്ന് പൂനെ, ഹൈദരാബാദ്, വാരണാസി, ലഖ്‌നൗ, ഗുവാഹത്തി, ലേ, ജമ്മു എന്നിവിടങ്ങളിലേക്ക് ദിവസേന ഒരു വിമാനം സർവീസാണ് ഉണ്ടാകുക.
ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്ക്, ചണ്ഡിഗഡിൽ നിന്ന് ശ്രീനഗറിലേക്ക്, ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക്, ജമ്മു, ചണ്ഡിഗഡിലേക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, ഒന്ന് എന്നിങ്ങനെയാണ് വിമാന സർവീസുകൾ ഏർപ്പെടുത്തുക. ലേയിൽ നിന്ന് ഡൽഹിയിലേക്കും ജമ്മുവിൽ നിന്ന് ഡൽഹിയിലേക്കും ശ്രീനഗറിലേക്കും ഓരോ വിമാനം വീതം സർവീസ് നടത്തുമെന്നും ഗോ എയർ അറിയിച്ചു.
ഇതുകൂടാതെ ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. ഇതിനായി പുതുതായി നാല് വിമാന സർവീസുകൾ ഏർപ്പെടുത്തും. ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദ്, പൂനെ, പട്‌ന, റാഞ്ചി, ലഖ്‌നൗ, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഒരോ വിമാനം വീതം ഗോഎയർ സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് രണ്ട് വിമാനങ്ങളും ചെന്നൈയിൽ നിന്ന് മുംബൈയിലേക്കും ബെംഗളൂരുവിലേക്കും ഒരോ വിമാനം വീതവും സർവീസ് ഏർപ്പെടുത്തും. അഹമ്മദാബാദിൽ നിന്ന് ഹൈദരാബാദിലേക്ക് രണ്ട് വിമാന സർവീസുകളാണ് ഉണ്ടാകുക.
ഇത് ബിസിനസുകാരേയും വിനോദ സഞ്ചാരികളെ ഒരുപോലെ സഹായിക്കും. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി അഹമ്മദാബാദിൽ നിന്ന് മുംബൈ, ഡൽഹി, ബെംഗളൂരു, നാഗ്പൂർ, ലഖ്‌നൗ, വാരണാസി എന്നിവിടങ്ങളിലേക്ക് ഒരു വിമാന സർവീസ് വീതം നടത്തും. കൂടാതെ ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്കും കൊൽക്കത്തയിലേക്കും രണ്ട് വിമാനങ്ങൾ വീതം സർവീസ് നടത്തും. അഹമ്മദാബാദിലേക്ക് മൂന്ന് വിമാനങ്ങളും ഹൈദരാബാദിൽ നിന്ന് ഡൽഹി, റാഞ്ചി, പട്ന എന്നിവിടങ്ങളിലേക്ക് ഓരോ വിമാനം വീതവും ഗോഎയർ സർവീസ് നടത്തും.
യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ആഭ്യന്തര വ്യോമയാന മേഖല ക്രമാനുഗതമായ വളർച്ച കൈവരിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും യാത്രാ നിയന്ത്രണം നീക്കുന്നതോടെ ഇതിനിയും ഉയരുമെന്ന് ഗോഎയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗഹിക് ഖോന പറഞ്ഞു.