ആവേശമടങ്ങാതെ വിപണി  

ഓഹരി വിപണിക്ക് ആവേശം അടങ്ങുന്നില്ല. ബജറ്റിൻ്റെ പിറ്റേന്നും വൻ കുതിപ്പ്. സെൻസെക്സ് ഒരിക്കൽ കൂടി 50,000-നു മുകളിൽ കയറി. പിന്നീടു താണു. വീണ്ടും ചാഞ്ചാട്ടം തുടർന്നു. രാവിലത്തെ ആവേശം ഒരു മണിക്കൂർ കഴി ഞ്ഞപ്പോൾ അൽപം താണു.

ഗവണ്മെൻ്റിൻ്റെ കടമെടുപ്പ് വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ പലിശ നിരക്ക് ഉയരും എന്നതു വിപണിക്ക് അത്ര രസിക്കുന്നതല്ല. കടപ്പത്ര വിലകൾ കുറയും; ആദായം (yield) കുടും.
ഇറക്കുമതിച്ചുങ്കത്തിലെ മാറ്റം സ്റ്റെയിൻലെസ് സ്റ്റീൽ കമ്പനികൾക്കു ക്ഷീണമാണ്. ടാറ്റാ സ്റ്റീൽ, സെയിൽ തുടങ്ങിയ സ്റ്റീൽ ഓഹരികൾക്കു വില താണു.

ബജറ്റവതരണം മുതലുള്ള വിപണിയുടെ ആവേശം ഏതെങ്കിലും മേഖലയിൽ ഒതുങ്ങുന്നതല്ല. എല്ലാ വ്യവസായ മേഖലകളും ഉയരുകയാണ്.
മറ്റു കമ്പനികളിലുള്ളത്ര ആവേശം റിലയൻസിൽ കാണുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. രാവിലെ 1915.7 രൂപ വരെ കയറിയ റിലയൻസ് പിന്നീട് 1873 ലേക്കു താണു.
ജനുവരിയിലെ കയറ്റുമതിയിൽ 0.38 ശതമാനം വർധന ഉളളതായി പ്രാരംഭ കണക്കുകൾ കാണിക്കുന്നു. ഇറക്കുമതിയും തലേവർഷത്തെ തോതിൽ എത്തി. സ്വാഭാവികമായും വാണിജ്യ കമ്മി കഴിഞ്ഞ വർഷത്തെ നിലവാരത്തിലായി.

1490 രൂപയിൽ ഐപിഒ നടത്തിയ ഇൻഡിഗോ പെയിൻ്റ്സ് ഓഹരി 2698 രൂപയിൽ ലിസ്റ്റ് ചെയ്തു. 76 ശതമാനം നേട്ടം.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 56.9 ഡോളറിലെത്തി. ഇനിയും കയറുമെന്നാണു സൂചന.
രാജ്യാന്തര വിപണിയിൽ സ്വർണ വില രാവിലെ 1854 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 280 രൂപതാണ് 36,120 രൂപയായി. ഇന്നലത്തെ 400 രൂപ ഇടിവു കൂടി ചേർത്താൽ കേന്ദ്ര ബജറ്റിനെ തുടർന്നുള്ള വിലയിടിവ് 680 രൂപ. ഇറക്കുമതിച്ചുങ്കത്തിൽ 2.5 ശതമാനം കുറവു വന്നതിൻ്റെ ഫലമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team