ആശങ്ക നീങ്ങാതെ വിനോദസഞ്ചാരമേഖല!
കൊച്ചി: ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും തണുപ്പന്‍ പ്രതികരണം. അന്വേഷണങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ പുറപ്പെടാമോയെന്ന ആശങ്കയിലാണ് സഞ്ചാരികളും ടൂര്‍ ഓപ്പറേറ്റര്‍മാരും. വാരാന്ത്യങ്ങളില്‍ സംസ്ഥാനത്തിനകത്തെ വിനോദയാത്രയില്‍ ഉണര്‍വ് വന്നിട്ടുണ്ട്.
നവരാത്രി ആഘോഷക്കാലത്ത് ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ വന്‍തോതില്‍ കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ ചില നവദമ്ബതികളുടെ മധുവിധു യാത്രകള്‍ മാത്രമായി ഹോളിക്കാലം പരിമിതപ്പെട്ടു. സകുടുംബം യാത്ര ചെയ്യാന്‍ താത്പര്യവുമായി വിനോദസഞ്ചാര വകുപ്പിലേക്കും ട്രാവല്‍ ഏജന്‍സികളിലേക്കും നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ടെങ്കിലും മുന്‍കൂര്‍ പണമടച്ച് പാക്കേജുകള്‍ ബുക്കുചെയ്യാന്‍ ആരും തയ്യാറാകുന്നില്ലെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ പറഞ്ഞു.കേരളത്തില്‍ കൊവിഡ് പൊസിറ്റീവ് നിരക്കിലെ ദൈനംദിന വര്‍ദ്ധനയും ആശങ്കയ്ക്ക് കാരണമാണ്. പാക്കേജുകളാണ് ഉത്തരേന്ത്യക്കാര്‍ അന്വേഷിക്കുന്നത്. എല്ലാം ഭദ്രമാണ്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതമായി വന്നുപോകാമെന്ന് വിനോദസഞ്ചാരവകുപ്പ് ഉറപ്പ് നല്‍കുന്നുണ്ട്.
നവംബര്‍ മുതല്‍ മാര്‍ച്ചു വരെ ഹോട്ടലുകളില്‍ മുറി ബുക്കുചെയ്യാന്‍ താത്പര്യപ്പെടുന്നവരുമുണ്ട്. ഡിസംബര്‍ മുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുമെന്നാണ് സംരംഭകരുടെ പ്രതീക്ഷ. ഹോട്ടലുകള്‍ 25 ശതമാനം മുറികള്‍ ഒരുക്കിയിട്ടുണ്ട്. ഡിമാന്‍ഡ് കൂടിയാല്‍ കൂടുതല്‍ മുറികള്‍ തയ്യാറാക്കും.
കേരളത്തില്‍ 4,500 മുറികളും 90 ഹോംസ്റ്റേകളും സജ്ജമായതായി ഒയോ ഹോട്ടല്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഹര്‍ഷിത് വ്യാസ് പറഞ്ഞു.