ആഗോള കുരുമുളകു വിപണി ബുള്‍ റാലിക്ക് ഒരുങ്ങുന്നു!
ആഗോള കുരുമുളകു വിപണി ബുള്‍ റാലിക്ക് ഒരുങ്ങുന്നു, മലബാര്‍ മുളകിനെ മറികടന്ന് മലേഷ്യ പുതിയ ക്വട്ടേഷന്‍ ഇറക്കി, ടണ്ണിന് 5,688 ഡോളര്‍. സാന്പത്തിക ഞെരുക്കം കാരണം ഓണവിപണിയില്‍ വെളിച്ചെണ്ണ മുന്നേറാന്‍ ക്ലേശിക്കുന്നു. ബാങ്കോക്കിലെ വിലക്കയറ്റം ഇന്ത്യന്‍ റബര്‍ നേട്ടമാക്കുന്നു. ലഭ്യത കുറഞ്ഞിട്ടും ഏലത്തിനു കരുത്തു നേടാനായില്ല. ആഗോള സ്വര്‍ണ വില ഇടിഞ്ഞു, 1680 ഡോളര്‍ നിര്‍ണായക സപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ കുരുമുളക് ഈ വര്‍ഷം വന്‍ കുതിച്ചുചാട്ടത്തിനു തുടക്കംകുറിക്കാനുള്ള തയാറെടുപ്പിലാണ്. ആറുവര്‍ഷംനീണ്ട തുടര്‍ച്ചയായ വിലത്തകര്‍ച്ചയുടെ ദിനങ്ങള്‍ക്കു ശേഷം പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അണിയറ ഒരുക്കത്തിലാണ് ഉത്പന്നം. ഇന്ത്യ, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളില്‍ ഉത്പാദനത്തിലുണ്ടാകുന്ന കുറവ് ആഗോള വിപണിയുടെ അടിയൊഴുക്ക് മാറ്റിമറിക്കും.2015ല്‍ വൈറ്റ് പെപ്പര്‍ വില ടണ്ണിന് 14,621 ഡോളര്‍ വരെയും കുരുമുളകു വില 9,976 ഡോളര്‍ വരെയും ഉയര്‍ന്നിരുന്നു. ആ നിലവാരത്തില്‍നിന്നുള്ള ശക്തമായ സാങ്കേതിക തിരുത്തല്‍ മുളകുവിലയില്‍ വന്‍ തകര്‍ച്ച സൃഷ്ടിച്ചിരുന്നു. വിയറ്റ്നാമില്‍ 2,548 ഡോളര്‍ വരെയും ബ്രസീലില്‍ 2,400 ഡോളര്‍ വരെയും ഇന്തോനേഷ്യയില്‍ 2,370 ഡോളര്‍ വരെയും നേരത്തെ നിരക്ക് ഇടിഞ്ഞിരുന്നു.രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളകു വില ടണ്ണിന് 5,575 ഡോളറാണ്. മലേഷ്യ 5,688 ഡോളറിനും ഇന്തോനേഷ്യ 3,860 ഡോളറിനും വിയറ്റ്നാമും ബ്രസീലും 3,950 ഡോളറിനും ക്വട്ടേഷന്‍ ഇറക്കി.കാര്‍ഷിക മേഖലകളില്‍നിന്നുള്ള മുളകുനീക്കം കുറഞ്ഞു. അതേസമയം, ഉത്തരേന്ത്യയില്‍ ഇറക്കുമതി ചരക്ക് ലഭ്യമായതിനാല്‍ വാങ്ങലുകാര്‍ രംഗത്ത് സജീവമല്ല. എന്നാല്‍, ഇറക്കുമതി ചരക്കിന് കൊച്ചിയിലും ആവശ്യക്കാരുണ്ടായിരുന്നു. വില്‍പ്പനയ്ക്കെത്തിയ ചരക്കില്‍ ഭുരിഭാഗവും വിറ്റഴിഞ്ഞതായാണു വിവരം. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് 39,300 രൂപയും ഗാര്‍ബിള്‍ഡ് കുരുമുളകിന് 41,300 രൂപയുമാണ്. ഓണം പടിവാതില്ക്കല് എത്തിയെങ്കിലും മില്ലുകാരുടെ പ്രതീക്ഷയ്ക്കൊത്തു വെളിച്ചെണ്ണ ചൂടുപിടിച്ചില്ല. കര്‍ക്കടകം അവസാന വാരത്തിലേക്ക് അടുത്തിട്ടും ചെറുകിട വിപണികളില്‍ വെളിച്ചെണ്ണയ്ക്കു ഡിമാന്‍ഡ് കുറവാണ്. കൊച്ചിയില്‍ എണ്ണ വില 100 രൂപ മാത്രം ഉയര്‍ന്ന് 16,900ലാണ്. കൊപ്ര 10,600ലും. കാങ്കയത്ത് കൊപ്ര 10,600ലും എണ്ണ 15,500ലുമാണ്. വിദേശ വിപണികളില്‍ റബര്‍ തിരിച്ചുവരവിന്റെ സൂചനകള്‍ പുറത്തുവിട്ടതോടെ ഇന്ത്യന്‍ വ്യവസായികള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ കൂടുതല്‍ താത്പര്യം കാണിച്ചു. ബാങ്കോക്കില്‍ റബര്‍ 13,780ലേക്ക് കയറിയതിനിടെ കേരളത്തില്‍ നാലാം ഗ്രേഡ് 17,100ല്‍നിന്ന് 17,400ലേക്ക് ചുവടുവച്ചു. കാര്‍ഷികമേഖലയുടെ നീക്കങ്ങള്‍ വ്യവസായികള്‍ നീരിക്ഷിക്കുകയാണ്. ഓണാവശ്യങ്ങള്ക്കുവേണ്ട പണം കണ്ടെത്താന്‍ ഈ വാരം ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് ഇറക്കുമെന്ന നിഗമനത്തിലാണവര്‍.മുന്‍വാരം സൂചിപ്പിച്ച പോലെ രാജ്യാന്തര മാര്‍ക്കറ്റില്‍നിന്നുള്ള അനുകൂല വാര്‍ത്തയാണ് കൊച്ചി, കോട്ടയം വിപണികള്‍ക്ക് ഉൗര്‍ജം പകര്‍ന്നത്. ചെറുകിട വ്യവസായികള്‍ ആര്‍എസ്എസ് അഞ്ചാം ഗ്രേഡ് 16,500-16,900ല്‍ നിന്ന് 16,800-17,200ലേക്ക് ഉയര്‍ത്തി. ഒട്ടുപാല് 12,000 ലും ലാറ്റക്സ് 12,100 രൂപയിലുമാണ്. ലേല കേന്ദ്രങ്ങളില്‍ ഏലക്കയുടെ ലഭ്യത ഇനിയും ഉയര്‍ന്നില്ലെങ്കിലും നിരക്ക് ഉയര്‍ത്തുന്നതിനോട് വാങ്ങലുകാര്‍ യോജിപ്പില്‍ എത്തിയിട്ടില്ല. വാരത്തിന്റെ തുടക്കത്തില്‍ 1,511 രൂപയില്‍ നീങ്ങിയ മികച്ചയിനങ്ങള്‍ പിന്നീട് 1,767 വരെ കയറിയെങ്കിലും വാരാവസാന ലേലത്തില്‍ നിരക്ക് 1,563 രൂപയിലാണ്. ശരാശരി ഇനങ്ങള്‍ 974 രൂപയിലും. കേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു. ആഭരണ കേന്ദ്രങ്ങളില്‍ പവന് 36,000 രൂപയില്‍നിന്ന് ശനിയാഴ്ച 35,080 ലേക്ക് താഴ്ന്നു. ഗ്രാമിന് വില 4,500 രൂപയില്‍നിന്ന് 4,385 രൂപയായി. ന്യൂയോര്‍ക്കില്‍ ട്രോയ് ഒൗണ്‍സിന് 1,814 ഡോളറില്‍നിന്ന് 1,758 ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗില്‍ 1,763 ഡോളറിലാണ്. വിപണിയിലെ അടുത്ത ശക്തമായ താങ്ങുകള്‍ 1,700-1,680 ഡോളറിലാണ്. അതേസമയം താലിബാനുനേരേ അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണം ഏഷ്യന്‍ മാര്‍ക്കറ്റില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടം സൃഷ്ടിക്കാം.