ഇഗ്നോ പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു
ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്നോ) ടേം എന്റ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. അവസാന വര്‍ഷ, അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 17ന് തുടങ്ങുമെന്ന് ഇഗ്നോ അറിയിച്ചു.
പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങളറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റായ ignou.ac.in സന്ദര്‍ശിക്കാം. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ടൈം ടേബിളും വെബ്‌സൈറ്റില്‍ അറിയാം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം പരീക്ഷ നീട്ടിവെക്കുകയായിരുന്നു. യു.ജി.സി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചായിരിക്കും പരീക്ഷ നടത്തുക.
പരീക്ഷ നടത്തിപ്പില്‍ ലളിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സര്‍വകലാശാല ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും ഒ.എം.ആര്‍ അടിസ്ഥാനത്തിലുള്ള രീതിയും അവലംബിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പണ്‍ ബുക്ക് പരീക്ഷ, ഓപ്പണ്‍ ചോയ്‌സുകള്‍, അസൈന്‍മെന്റ്/ പ്രസന്റേഷന്റെ അടിസ്ഥാനത്തിലുള്ള മൂല്യനിര്‍ണയം എന്നിവ പരിഗണിക്കുന്നുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഉടന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. സെപ്റ്റംബര്‍ ആദ്യത്തെ ആഴ്ച്ചയില്‍ തന്നെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.
രാജ്യത്തെ 900 പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കുന്ന അവസാന വര്‍ഷ പരീക്ഷയെഴുതുന്നത് മൂന്ന് ലക്ഷത്തോളം പേരാണ്.