ഇടവേളക്കുശേഷം സൗദിയിലേക്കുള്ള യാത്രമാര്‍ഗമായി ബഹ്റൈന്‍ മാറുന്നു.
മനാമ: ഇടവേളക്കുശേഷം സൗദിയിലേക്കുള്ള യാത്രമാര്‍ഗമായി ബഹ്റൈന്‍ മാറുന്നു. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഇന്ത്യയെ റെഡ്ലിസ്റ്റില്‍നിന്ന് ബഹ്റൈന്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് സന്ദര്‍ശക വിസക്കാര്‍ക്ക് വരാന്‍ വഴി തെളിഞ്ഞത്.ഞായറാഴ്ച മുതല്‍ ബഹ്റൈന്‍ ഇ-വിസ അനുവദിച്ച് തുടങ്ങിയത് നിരവധി പേര്‍ക്ക് ആശ്വാസമായി. വിവിധ ട്രാവല്‍ ഏജന്‍സികള്‍ സൗദി യാത്രക്കാര്‍ക്കുള്ള പ്രത്യേക പാക്കേജുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 23 മുതല്‍ മുതല്‍ ഇന്ത്യയെ റെഡ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ബഹ്റൈന്‍ വഴിയുള്ള സൗദി യാത്രക്കാരുടെ വരവ് നിലച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് സൗദി ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഭീമമായ തുകയാണ് ഇതിന് ചെലവഴിക്കേണ്ടി വന്നത്.
വിസിറ്റ് വിസയില്‍ എത്തുന്നവര്‍ ബഹ്റൈനില്‍ 14 ദിവസം ക്വാറന്‍റീനില്‍ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് പോകേണ്ടത്. ബഹ്റൈന്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നാഷണല്‍ ഹെല്‍ത് റഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ) അഗീകാരമുള്ള ഹോട്ടലിലാകണം ക്വറന്‍റീന്‍. മെയ് 23 വരെ ഏതെങ്കിലും താമസ സ്ഥലത്ത് 14 ദിവസം ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയായിരുന്നു.
സൗദി അംഗീകരിച്ച വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമാണ് കിങ് ഫഹദ് കോസ്വേ വഴി സൗദിയിലേക്ക് പോകാന്‍ കഴിയുക. മറ്റുള്ളവര്‍ വിമാന മാര്‍ഗം തന്നെ സൗദിയിലേക്ക് പോകണം. സൗദിയില്‍ എത്തിയാല്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റീനും നിര്‍ബന്ധമാണ്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗദിയില്‍ വാക്സിനേഷന് നിര്‍ബന്ധമാക്കിയിട്ടില്ലാത്തതിനാല്‍ ഇവര്‍ക്ക് വാക്സിന് സ്വീകരിച്ച രക്ഷിതാവിെന്റ കൂടെ കോസ്വേ വഴി പോകാം. രക്ഷിതാവ് വാക്സിന് സ്വീകരിച്ചിട്ടില്ലെങ്കില്‍ ഇവരും വിമാന മാര്‍ഗം പോകണം.
സൗദിയില്‍നിന്ന് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് തവക്കല്‍ന ആപ്പില്‍ ഗ്രീന്‍ഷീല്‍ഡ് ലഭിച്ചവര്‍ക്ക് ഇന്ത്യയില്‍നിന്ന് നേരിട്ട് സൗദിയിലേക്ക് പോകാന്‍ അനുമതി നല്‍കി. നാട്ടില്‍നിന്ന് ചില ചാര്‍േട്ടഡ് വിമാന സര്‍വീസുകള്‍ ഇപ്പോള്‍ സൗദിയിലേക്ക് നടത്തുന്നുണ്ട്. സൗദിയില്‍നിന്ന് വാക്സിന് സ്വീകരിക്കാത്തവര്‍ ഗ്രീന്‍ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്‍റീനില്‍ കഴിഞ്ഞശേഷമാണ് സൗദിയിലേക്ക് പോകേണ്ടത്.
നാട്ടില്‍നിന്ന് സൗദി പാക്കേജില്‍ ബഹ്റൈനില്‍ എത്തുന്ന യാത്രക്കാര്‍ ഇവിടെ ഉത്തരവാദിത്തമുള്ള ഏജന്‍സി ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകനായ ഫസലുല്‍ ഹഖ് പറഞ്ഞു. മുന്‍കാലങ്ങളില്‍ ചില വ്യക്തികള്‍ സൗദി പാക്കേജില്‍ ആളുകളെ കൊണ്ടുവന്ന് കൈയൊഴിഞ്ഞ സംഭവങ്ങളുണ്ട്. അതിനാല്‍, സൗദിയിലേക്ക് പോകുന്നതുവരെയുള്ള മുഴുവന്‍ കാര്യങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്യുന്ന അംഗീകാരമുള്ള ഏജന്‍സികളുടെ കീഴില്‍ വേണം ബഹ്റൈനിലേക്ക് വരാന്‍ എന്നും അദ്ദേഹം ഒാര്‍മിപ്പിച്ചു.