ഇനി ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും വായ്പയായി മാറ്റാം പുതിയ ഓപ്ഷനുമായി എസ് ബി ഐ
കൊച്ചി: ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ വായ്പകളായി പുനസംഘടിപ്പിക്കാനുള്ള മികച്ച ഓപ്ഷൻ വാഗ്ദാനം ചെയ്ത എസ്ബിഐ കാർഡ്. പലിശ നിരക്ക് 70 ശതമാനം കുറഞ്ഞ വായ്പകൾക്ക് മൊറട്ടോറിയം നേടിയ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭിക്കുക. കൂടാതെ ഭാവി ഗഡുക്കൾക്കായി സുപ്രീംകോടതി ഉത്തരവിട്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും എസ്ബിഐ അറിയിച്ചു.
ക്രെഡിറ്റ് കാർഡ് ബാലൻസിനുള്ള പലിശ 40 ശതമാനത്തിലധികമാണെന്നും പണമടയ്ക്കാൻ കാലതാമസം വരുത്തുന്നത് ഉപഭോക്താക്കളുടെ കുടിശ്ശിക വർദ്ധിപ്പിക്കുമെന്നും എസ്ബിഐ കാർഡ് എംഡിയും സിഇഒയുമായ അശ്വിനി കുമാർ തിവാരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഒന്നാംപാദത്തിൽ മൊറട്ടോറിയത്തിന് കീഴിൽ 7,083 കോടി രൂപ വായ്പയുണ്ടായിരുന്നു. ഇതിപ്പോൾ 1,500 കോടി രൂപയായി കുറഞ്ഞു. ഇതിൽ വലിയൊരു ഭാഗം തിരിച്ചടച്ചിട്ടുണ്ട്. തിരിച്ചടയ്ക്കാത്തവരെ വിവിധ കാറ്റഗറികളായി തരംതിരിച്ചിട്ടുണ്ട്. അവരെ ഇതുവരെ എൻപിഎയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും വേഗത്തിൽ തിരിച്ചടയ്ക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കൊവിഡിന് ശേഷം അടുത്തിടെ ബാങ്ക് ഇടപാടുകൾ 80 ശതമാനമായി ഉയർന്നിട്ടുണ്ട്. കൂടുതലും ഓൺലൈൻ ആയാണ് ഇടപാടുകൾ നടക്കുന്നത്. ഓൺലൈൻ ഇടപാടുകൾ കൊവിഡിന് മുമ്പുള്ളതിനേക്കാൾ 105 ശതമാനം ഉയർന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.