ഇനി പാചക വാതകവും ജിഎസ് ടി ക്ക് കീഴിൽ!
ദില്ലി: പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരണം എന്നത് ഉപഭോക്താക്കളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ്. അങ്ങനെ എങ്കില്‍, പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ഒന്നും ഇപ്പോള്‍ കൊടുക്കുന്ന വന്‍ വില കൊടുക്കേണ്ടി വരില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അത്തരം ഒരു ആവശ്യം പരിഗണിക്കപ്പെടുമോ എന്നറിയില്ല. എന്തായാലും പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ ഇത് നടപ്പിലാകും എന്ന് തന്നെ പ്രതീക്ഷിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത്തരമൊരു വാഗ്ദാനം നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍…
ജിഎസ്ടിയ്ക്ക് കീഴില്‍
പ്രകൃതി വാതകത്തെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്.ഇതുവഴി പ്രകൃതി വാതകത്തിന്റെ വില കുറയുകയും രാജ്യമെമ്പാടും ഒരേ വില നടപ്പിലാവുകയും ചെയ്യും.
ലോകം കടന്നുവരൂ
ഇന്ത്യയിലെ ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപിക്കാന്‍ ലോകത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. തമിഴ്‌നാട്ടിലെ വിവിധ എണ്ണ പ്രകൃതിവാതക പദ്ധതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി തറക്കല്ലിടുകയായിരുന്നു പ്രധാനമന്ത്രി.
അടിസ്ഥാന വികസനത്തിന്
കഴിഞ്ഞ അഞ്ച് വര്‍ഷം എണ്ണം, പ്രകൃതിവാതക അടിസ്ഥാന സൗകര്യ വികസനത്തിനായി രാജ്യം വലിയ തോതില്‍ പണം ചെലവഴിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് 103.05 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു എന്നാണ് കണക്ക്. ഏതാണ്ട് 7.5 ലക്ഷം കോടി രൂപ!
പ്രധാനമന്ത്രിയുടെ പ്രതീക്ഷ
നിലവില്‍ ഇന്ത്യയുടെ പ്രധാന ഊര്‍ജ്ജ സ്രോതസ്സ് പെട്രോളിയം ഇന്ധനങ്ങള്‍ തന്നെയാണ്. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 40 ശതമാനവും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിക്കാനാകുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.
ഇറക്കുമതി
2019-2020 വര്‍ഷത്തില്‍ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ കണക്കുകള്‍ ശരിക്കും ഞെട്ടിക്കുന്നതാണ്. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനം ഇറക്കുമതി ചെയ്യുകയായിരുന്നു. പ്രകൃതി വാതകത്തിന്റെ 53 ശതമാനവും ഇങ്ങനെ തന്നെ. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളില്‍ ആദ്യമേ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ മധ്യവര്‍ഗ്ഗത്തിന്റെ സാമ്പത്തിക ബാധ്യത എപ്പോഴേ കുറയ്ക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പെട്രോള്‍- ഡീസല്‍ വില
പ്രകൃതി വാതകത്തെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമെന്ന് പറഞ്ഞെങ്കിലും നിലവിലെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയെ കുറിച്ച് പ്രധാനമന്ത്രി ഒന്നും സൂചിപ്പിച്ചില്ല. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് പെട്രോളിനും ഡീസലിനും. ചിലയിടങ്ങളില്‍ പെട്രോള്‍ വില, ലിറ്ററിന് രൂപ കടക്കുകയും ചെയ്തിട്ടുണ്ട്. പത്ത് ദിവസം തുടര്‍ച്ചയായി വില കൂടിക്കൊണ്ടിരിക്കുകയാണ്.