ഇനി റേ–ബാന്‍ കണ്ണടയില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റ് നടത്താം
മെറ്റാ കമ്പനി വില്‍ക്കുന്ന റേ–ബാന്‍ സ്മാര്‍ട്ട് ഗ്ലാസസിന് ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഇടനില ഇല്ലാതെ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് സ്‌റ്റോറീസ് പോസ്റ്റ് ചെയ്യാന്‍ സാധിക്കും. ക്യാമറ ഉള്ള കണ്ണടയാണ് റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസസ്. ഫോട്ടോ എടുക്കുന്നതിനുമുൻപോ എടുത്തതിനു ശേഷമോ വോയിസ് കമാന്‍ഡ് വഴി ചിത്രം പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാം: ചിത്രം എടുത്തു കഴിഞ്ഞ് ‘ഹെയ് മെറ്റാ, ഷെയര്‍ മൈ ലാസ്റ്റ് ഫോട്ടോ റ്റു ഇന്‍സ്റ്റഗ്രാം’ എന്നു പറയണമെന്നും, ഫോട്ടോ എടുക്കുന്നതിനു മുമ്പാണെങ്കില്‍, ‘പോസ്റ്റ് എ ഫോട്ടോ റ്റു ഇന്‍സ്റ്റഗ്രാം’ എന്നും പറയണമെന്ന് ദി വേര്‍ജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാറ്റത്തിനു പുറമെ, ആമസോണ്‍ മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് ഇനി ഗ്ലാസസ് വഴി പാട്ടു കേള്‍ക്കാം. ‘ഹെയ് മെറ്റാ, പ്ലേ ആമസോണ്‍ മ്യൂസിക്’ എന്ന കമാന്‍ഡ് നല്‍കിയാല്‍ ഉപയോക്താവ് നേരത്തെ ക്യുറേറ്റ് ചെയ്തിരിക്കുന്ന പ്ലേ ലിസ്റ്റ് കേള്‍പ്പിക്കും. പാട്ടിന്റെ ശബ്ദം കുറയ്ക്കുക, പോസ് ചെയ്യുക തുടങ്ങിയവ ടച് കൺട്രോൾ വഴിയോ, വോയിസ് കമാന്‍ഡ് വഴിയോ നടത്തുകയും ചെയ്യാം. ഇതിനും ഫോണ്‍ പുറത്തെടുക്കേണ്ടതില്ല. സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക് എന്നിവയ്ക്ക് നേരത്തെ സപ്പോര്‍ട്ട് ലഭിച്ചുവന്നതിന് പുറമെയാണ് പുതിയ മാറ്റം.
മെഡിറ്റേഷന്‍ ആപ്പായ കാം (Calm) മെറ്റായുമായി സഹകരിച്ച് ആയിരിക്കും മൈന്‍ഡ്ഫുള്‍നെസ് എക്‌സര്‍സൈസ് ഫീച്ചര്‍ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസസ് ഉപയോക്താക്കള്‍ക്ക് നല്‍കുക. സഞ്ചാര മധ്യേ പോലും ധ്യാനനിരതരാകാന്‍ സാധിക്കുന്ന രീതിയില്‍ ഗൈഡഡ് മെഡിറ്റേഷന്‍ ഫീച്ചറായിരിക്കും നല്‍കുക. ഇതിന് വരിസംഖ്യ അടയ്‌ക്കേണ്ടി വരുമെങ്കിലും, മൂന്നു മാസം ഫ്രീയായി നല്‍കുന്നുണ്ട്. ഇഷ്ടപ്പെട്ടാല്‍ മാത്രം സബ്‌സ്‌ക്രൈബ് ചെയ്താല്‍ മതിയാകും. ഈ ഫീച്ചറുകളെല്ലാം ഘട്ടംഘട്ടമായി ആയിരിക്കും ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് നല്‍കുക എന്ന് മെറ്റാ അറിയിച്ചു.

കംപ്യൂട്ടിങ് പ്രൊസസര്‍ നിര്‍മാണ മേഖലയില്‍ വന്‍മാറ്റങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്റലിന്റെ പ്രൊസസറുകള്‍ ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ നിര്‍മ്മിച്ചുവന്ന ആപ്പിള്‍ സ്വന്തം എം സീരിസ് ചിപ്പുകളുമായി എത്തി മികവുകാട്ടിയതിനു പിന്നാലെ എഎംഡി, ക്വാല്‍കം കമ്പനികളുംമികച്ച പ്രൊസസറുകള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇന്റലെന്ന് പുതിയ റിപ്പോര്‍ട്ട്.
കമ്പനി താമസിയാതെ പുറത്തിറക്കാന്‍ പോകുന്ന ലൂനാര്‍ ലെയ്ക് പ്രൊസസര്‍ സീരിസ്, മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ കോപൈലറ്റ് പ്ലസ് പിസികള്‍ക്ക് ഏറെ മികവോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കരുത്താണ് കാട്ടാന്‍ പോകുന്നതെന്നാണ് സൂചന. നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായാണ് അടുത്ത തലമുറ പിസികള്‍ പ്രവര്‍ത്തിക്കുക. ഇരുപതു പ്രശസ്ത ലാപ്‌ടോപ് നിര്‍മ്മാണ കമ്പനികള്‍ ഇപ്പോള്‍ നിര്‍മ്മിച്ചുവരുന്ന 80ലേറെ ലാപ്‌ടോപ് മോഡലുകളുടെ നെഞ്ചിലേറിയായിരിക്കും പുതിയ പ്രൊസസര്‍ സീരിസ് എത്തുക.
പുതിയ സിപിയു കോറുകള്‍, ഇന്റലിന്റെ അതിനൂതന എക്‌സ്ഇ2 ജിപിയു ആര്‍ക്കിടെക്ചര്‍ തുടങ്ങിയവ ഇവയില്‍ ഉള്‍ക്കൊള്ളിക്കും. ഇവയ്ക്ക് സെക്കന്‍ഡില്‍ 60 ടെറാ ഓപറേഷന്‍സ് (ടോപ്‌സ്) നടത്താനുള്ള ശേഷിയുണ്ടായിരിക്കും. പുതിയ ന്യൂറല്‍ പ്രൊസസിങ് എഞ്ചിന് 45 ടോപ്‌സ് വരെ നടത്താന്‍ സാധിക്കുമെന്നുംറിപ്പോര്‍ട്ട്. ആപ്പിള്‍ അടക്കമുളള മറ്റു പ്രൊസസര്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും ഇന്റലിന്റെ പുതിയ ലൂനാര്‍ ലെയ്ക് പ്രൊസസര്‍ സീരിസ്.