ഇനി വിശ്രമം; ദമ്പതികളാണെങ്കില്‍ മാസം 40,000 രൂപ പെന്‍ഷന്‍ വാങ്ങി വിശ്രമിക്കാം
ജോലിയെല്ലാം മതിയാക്കി, വിരമിക്കൽ കാലത്തേക്ക് കടന്നാൽ സാധാരണ ഗതിയിലുള്ള വരുമാന സ്രോതസ് അടയും. ശമ്പളം മുടങ്ങുന്നതോടെ അടുത്ത ഘട്ട ജീവിതത്തിനുള്ള വരുമാന മാർഗമാണ് പെൻഷൻ. അടിസ്ഥാന ചെലവുകൾക്കുള്ള തുകയേക്കാളുപരി, ജോലി കാലത്തിന് സമാനമായ ജീവിത നിലവാരം പുലർത്താൻ ആഗ്രഹിക്കുന്നവരാണെങ്കിൽ മാസ വരുമാനം ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിക്കണം. വിരമിക്കൽ പ്രായം കഴിഞ്ഞ ദമ്പതികളാണെങ്കിൽ റിസ്കെടുക്കാതെ നിക്ഷേപിക്കാനുള്ള മാർഗം സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ആണ്.
കേന്ദ്ര സർക്കാർ പിന്തുണയുള്ള ഒരു ജനപ്രിയ ലഘു സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഡെബ്റ്റ് നിക്ഷേപത്തിന് ലഭിക്കുന്ന ആകർഷകമായ പലിശ നിരക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് ലഭിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, 60 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കുള്ളതാണ് പദ്ധതി.60 വയസിന് മുകളിലുള്ള ഒരു വ്യക്തിക്ക് കുറഞ്ഞത് 100 രൂപ മുതൽ നിക്ഷേപിച്ച് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട് ആരംഭിക്കാം. പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാണ്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആറംഭിക്കാം. ഭാര്യ, ഭർത്താക്കന്മാരാണെങ്കിൽ മാത്രമാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. ഓരോ അക്കൗണ്ടിലും 30 ലക്ഷം രൂപ എന്ന പരിധി വെച്ച് ജോയിന്റ് അക്കൗണ്ട് ഉടമയ്ക്ക് 60 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം മുതൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 8.20 ശതമാനം വാർഷിക പലിശ നൽകുന്നുണ്ട്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് 5 വർഷമാണ് കാലാവധി. എന്നാൽ കാലാവധിക്ക് ഒരു വർഷം മുൻപ് അപേക്ഷ നൽകുകായാണെങ്കിൽ 3 വർഷത്തേക്ക് കൂടി നീട്ടി ലഭിക്കും. നിക്ഷേപകർക്ക് വർഷത്തിൽ 4 തവണകളിലാണ് പലിശ ലഭിക്കുക. മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 തീയിതകളിലാണ് പലിശ ലഭിക്കുക. പലിശ സേവിംഗ്സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.