ഇനി വീട്ടിലിരുന്നും സ്വർണം വാങ്ങിക്കാം; ​ഗ്രാമിന് വെറും 4,950 രൂപ മാത്രം !  

ഡൽഹി: കേന്ദ്ര സർക്കാരിനുവേണ്ടി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയായ സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീമിന്റെ 2020-21ലെ പത്താമത്തെ സീരീസിൽ ഇപ്പോൾ നിക്ഷേപിക്കാം. ജനുവരി 11ന് ആരംഭിച്ച സ്വർണ ബോണ്ടിന്റെ അവസാന ഇഷ്യുവിൽ 15 വരെ അപേക്ഷിക്കാം. ഒരു ഗ്രാം സ്വര്‍ണത്തിന് 5,104 രൂപയാണ് ഇഷ്യു വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് ഗ്രാമിന് 50 രൂപവരെ കിഴിവ് ലഭിക്കും. അതായത് ഒരുഗ്രാം സ്വർണത്തിന് 4,950 രൂപ കൊടുത്താൽ മതി.

2021 ജനുവരി 19 ആണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീമിന്റെ സെറ്റിൽമെന്റ് തീയതി. സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുയോജ്യമായ പദ്ധതിയാണ് എസ്‌ജിബി സ്‌കീം. ഒരു സാമ്പത്തിക വർഷത്തിൽ 10 തവണയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുക. സബ്സ്ക്രിപ്ഷൻ കാലയളവിനു മുമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ സ്വർണത്തിന്റെ ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ മൂല്യം നിർണയിക്കുക.

എട്ടു വര്‍ഷമാണ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി. ആവശ്യമെങ്കിൽ അഞ്ച് വര്‍ഷത്തിനുശേഷം നിക്ഷേപം പിന്‍വലിക്കാം. കൂടാതെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൂടെ നിക്ഷേപം വിറ്റ് അഞ്ചുവർഷത്തെ ലോക്ക്-ഇൻ കാലയളവിന് മുമ്പായി നിക്ഷേപകന് പദ്ധതി അവസാനിപ്പിക്കാം. ‌ഒരു ഗ്രാം മുതൽ പരമാവധി നാല് കിലോഗ്രാം വരെ സ്വർണം വാങ്ങാം. ഒരു സാമ്പത്തിക വർഷത്തിൽ യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് 20 കിലോഗ്രാം വരെ വാങ്ങിക്കാം. പ്രതിവര്‍ഷം 2.5 ശതമാനം പലിശയാണ് സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ക്ക് ലഭിക്കുക.

ഇത് ആറുമാസ ഇടവേളകളിലായി ലഭിക്കും. ഓഹരി വിപണികളില്‍ ട്രേഡ് ചെയ്യാവുന്ന ഈ ബോണ്ടുകള്‍ വായ്പകള്‍ക്കുള്ള ഈടായി നല്‍കാനുമാകും. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) പ്രകാരമുള്ള ഇന്ത്യയിലെ ഏതൊരു താമസക്കാരനും എസ്‌ജിബികളിൽ നിക്ഷേപിക്കാം. രാജ്യത്തെ സ്ഥിര താമസക്കാരായ വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, ട്രസ്‌റ്റുകള്‍, സര്‍വകലാശാലകള്‍, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവർക്ക് എസ്ജിബി വാങ്ങാം. വ്യക്തികൾക്കും ഒന്നിൽ കൂടുതൽ ആളുകൾക്കും ഒരുമിച്ച് നിക്ഷേപം നടത്താനാകും എന്നതാണ് എസ്ജിബിയുടെ പ്രധാനഗുണം.

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വേണ്ടി രക്ഷാധികാരിക്ക് നിക്ഷേപം നടത്താം. എന്നാൽ ഒരു എൻ‌ആർ‌ഐക്ക് അഥവാ പ്രവാസിക്ക് എസ്ജിബിയിൽ നിക്ഷേപം നടത്താൻ കഴിയില്ല. പക്ഷെ റെസിഡന്റ് നിക്ഷേപകന്റെ നോമിനിയായി ലഭിച്ച ഈ ബോണ്ടുകൾ കൈവശം വയ്ക്കാൻ എൻ‌ആർ‌ഐക്ക് സാധിക്കും. ബാങ്കുകള്‍, സ്‌റ്റോക്‌ ഹോള്‍ഡിങ്‌ കോര്‍പറേഷന്‍, പോസ്‌റ്റ്‌ ഓഫീസുകള്‍ , സ്റ്റോക്‌ എക്‌സ്‌ചേഞ്ചുകള്‍ എന്നിവ വഴി സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ വാങ്ങാം. ആര്‍ബിഐയുടെ വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈന്‍ ബാങ്ക്‌ സംവിധാനത്തിലൂടെയും ഓണ്‍ലൈനായി അപേക്ഷിക്കാം. സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ വാങ്ങുന്നതിന്‌ തിരിച്ചറിയല്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌ / പാന്‍, പാസ്സ്‌പോര്‍ട്ട്‌ പോലുള്ള കെവൈസി രേഖകള്‍ ആവശ്യമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team