ഇനി വീട്ടുപടിക്കലേക്കും എസ്ബിഐ ബാങ്കിംഗ് സേവനങ്ങൾ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപഭോക്താക്കൾക്കായി ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിക്കലെത്തിച്ച് നൽകും. എസ്ബിഐ വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങൾ (ഡിഎസ്‌ബി) എന്ന പുതിയ സംവിധാനം വഴിയാണ് ഉപഭോക്താക്കൾക്കായി ബാങ്ക് ഈ സൗകര്യമൊരുക്കിയത്. ബാങ്ക് ശാഖയിലേക്ക് പോകാതെ തന്നെ ബാങ്കിംഗ് നടത്താനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത.
ഡോർസ്റ്റെപ്പ് ബാങ്കിംഗ് അഭ്യർത്ഥന രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് വീടിന്റെ സുഖസൗകര്യങ്ങളിൽ നിന്ന് ബാങ്കിംഗ് സേവനങ്ങൾ നേടാനാകുമെന്ന് എസ്‌ബിഐ ട്വീറ്റിൽ പറഞ്ഞു.
എന്തൊക്കെയാണ് എസ്‌ബിഐ വീട്ടുപടിക്കലെത്തിച്ച് നൽകുന്ന സേവനങ്ങൾ ?
ചെക്കുകൾ
പുതിയ ചെക്ക്ബുക്ക്
അഭ്യർത്ഥന സ്ലിപ്പുകൾ
ലൈഫ് സർട്ടിഫിക്കറ്റ്
(ജീവൻ പ്രമാൻ). ഈ സേവനം 2020 നവംബർ 1 മുതൽ ലഭ്യമാകും.
പണം വതിരണം ചെയ്യുക.
ടേം ഡെപ്പോസിറ്റ് രസീതുകൾ
അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
ഡ്രാഫ്റ്റുകൾ / ഫോം സർട്ടിഫിക്കറ്റ്
നിക്ഷേപിക്കാനുള്ള പണം ബാങ്കിലെത്തിക്കുക.
ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങളുടെ നിരക്കുകൾ
സാമ്പത്തിക സേവനങ്ങളായ പണം നിക്ഷേപിക്കാൻ/ പണമടയ്ക്കൽ / പിൻവലിക്കൽ തുടങ്ങിയ സേവനങ്ങൾക്ക് ജിഎസ്ടി ഉൾപ്പടെ 75 രൂപയാണ് ഈടാക്കുക. ചെക്ക് / ഇൻസ്ട്രുമെന്റ് / ചെക്ക് ബുക്ക് അഭ്യർത്ഥന സ്ലിപ്പ് തുടങ്ങിയ സേവനങ്ങൾക്കും 75 രൂപ സേവന നിരക്കായി ഈടാക്കും. ടേം ഡെപ്പോസിറ്റ് അഡ്വൈസും സേവിംഗ്സ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും സൗജന്യമാണ്.
കറന്റ് അക്കൗണ്ടിന്റെ പ്രസ്താവന (തനിപ്പകർപ്പ്) ലഭിക്കാൻ ജിഎസ്ടി ഉൾപ്പടെ 100 രൂപ നൽകണം. ഡിഎസ്‌ബി സേവനം വഴി പ്രതിദിനം ഒരുതവണ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള (ഡെപ്പോസിറ്റ്) ഓപ്ഷൻ തിരഞ്ഞെടുക്കാം. കുറഞ്ഞത് 1,000 രൂപ മുതൽ 20,000 രൂപയാണ് ഓരോ ഇടപാടിന്റെയും പരിധി.
എസ്‌ബിഐ വാതിൽപടി ബാങ്കിംഗ് സേവനം പ്രവർത്തിക്കുന്നതെങ്ങനെ ?
എസ്‌ബിഐ വാതിൽപടി ബാങ്കിംഗ് സേവനം ലഭിക്കേണ്ട ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 1800111103 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുക.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ മാത്രമേ നമ്പറിൽ വിളിക്കാവൂ..
കോൾ കണക്റ്റ് ചെയ്‌ത് കഴിഞ്ഞാൽ ഉപഭോക്താവ് വാതിൽപ്പടി ബാങ്കിംഗ് സേവനം രജിസ്റ്റർ ചെയ്തിട്ടുള്ള സേവിംഗ്സ് ബാങ്ക് / കറന്റ് അക്കൗണ്ട് നമ്പറിന്റെ അവസാന 4 അക്കങ്ങൾ നൽകണം.
പ്രാരംഭ പരിശോധനയ്ക്ക് ശേഷം കോൾ കോൺടാക്റ്റ് സെന്റർ ഏജന്റിലേക്ക് കൈമാറും. അവർ രണ്ടാമത്തെ / അധിക പരിശോധനയ്ക്ക് ശേഷം അഭ്യർത്ഥന രേഖപ്പെടുത്തും.
ഉപഭോക്താവ് അഭ്യർത്ഥനയുടെ വിശദാംശങ്ങളും സേവന വിതരണ സമയവും (രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ) നൽകണം.
അഭ്യർത്ഥന സ്വീകരിച്ച് കഴിഞ്ഞാൽ ഉപഭോക്താവിന് കേസ് ഐഡിയും അഭ്യർത്ഥന തരവും അടങ്ങിയ ഒരു എസ്എംഎസ് സന്ദേശം ലഭിക്കും.
അഭ്യർത്ഥന ഡോർസ്റ്റെപ്പ് ബാങ്കിംഗ് ഏജന്റിന് കൈമാറും. അവർ ഉപഭോക്താവുമായി ബന്ധപ്പെടുകയും കൂടിക്കാഴ്‌ച ശരിയാക്കുകയും ചെയ്യും.
തന്നിരിക്കുന്ന സമയത്ത് ഡോർസ്റ്റെപ്പ് ബാങ്കിംഗ് ഏജന്റ് (ഡിഎസ്എ) ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത വിലാസം സന്ദർശിച്ച് ഫോട്ടോ ഐഡി കാർഡും ഒവിഡിയും പരിശോധിക്കും.
ഡിഎസ്‌ബി ഏജൻറിന്റെ പക്കലുള്ള മൊബൈലിലൂടെ ഡോർസ്റ്റെപ്പ് ബാങ്കിംഗ് വെബ് പോർട്ടലിൽ സേവന അഭ്യർത്ഥന ആരംഭിക്കും. ഇടപാട് ആരംഭിക്കുന്നതിന് ഉപഭോക്താവ് വെബ് പോർട്ടലിൽ കേസ് ഐഡിയും പരിശോധന കോഡും നൽകണം.
ഇടപാട് പൂർത്തിയാക്കുന്നതിനായി ഉപഭോക്താവിന് എസ്എംഎസ് സന്ദേശം ലഭിക്കും.