ഇന്ത്യൻ വിപണിയിലേക്ക് നോക്കിയ പ്യുർബുക്ക് എക്സ് 14 ലാപ്‌ടോപ്പ്  

നോക്കിയ എന്ന ബ്രാന്റ് നെയിം ഇന്ത്യയിലെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെ ആധിപത്യം വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ തന്നെ പുതിയൊരു ലാപ്ടോപ്പ് പുറത്തിറക്കിയിരിക്കുകയാണ് നോക്കിയ. പ്യുർബുക്ക് എക്സ്14 എന്ന പേരിലാണ് നോക്കിയ ലാപ്ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്. 59,990 രൂപയാണ് ഈ ലാപ്ടോപ്പിന്റെ വില.

ഡോൾബി അറ്റ്‌മോസ്, ഇന്റൽ കോർ ഐ5 പ്രോസസർ തുടങ്ങിയ ടോപ്പ്-ഓഫ്-ലൈൻ സവിശേഷതകളോടെയാണ് പ്യുർബുക്ക് എക്സ്14 പുറത്തിറക്കിയിരിക്കുന്നത്. വെറും 1.1 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ലാപ്ടോപ്പ് ഈ സെഗ്‌മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ ലാപ്‌ടോപ്പുകളിൽ ഒന്നാണ്. ഫ്ലിപ്പ്കാർട്ട് വഴി മാത്രമാണ് ഈ ലാപ്ടോപ്പിന്റെ വിൽപ്പന നടക്കുന്നത്. ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പിന് വിൽപ്പനാനന്തര സേവനങ്ങളും നൽകും.

പ്യുർബുക്ക് എക്സ് 14 ലാപ്ടോപ്പ് മാറ്റ്-ബ്ലാക്ക് നിറത്തിൽ ലഭ്യമാകും. ഡിവൈസിനായുള്ള പ്രീ-ഓർഡറുകൾ ഡിസംബർ 18 മുതൽ ആരംഭിക്കും. ഈ വില വിഭാഗത്തിൽ, ഏതാനും മാസം മുമ്പ് ഷവോമി എംഐ നോട്ട്ബുക്ക് 14 അവതരിപ്പിച്ചിരുന്നു. ഷവോമിയുടെ നോട്ട്ബുക്ക് 14 ആയിരിക്കും ഇന്ത്യയിലെ പ്യുർബുക്ക് എക്സ്14 ലാപ്ടോപ്പിന്റെ മുഖ്യ എതിരാളികൾ.

നോക്കിയ പ്യുർബുക്ക് എക്സ് 14: സവിശേഷതകൾ
ഡോൾബി വിഷൻ നൽകുന്ന 14 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി-ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയാണ് നോക്കിയ പ്യുർബുക്ക് എക്‌സ് 14 ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. ലാപ്‌ടോപ്പിന് ചുറ്റുമുള്ള ബെസെലുകൾ നേർത്തതാണ്. ഉപയോക്താക്കൾക്ക് കൂടുതൽ സ്‌ക്രീൻ ഏരിയ (86 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ) നൽകുന്ന ഡിസ്പ്ലെയാണ് ഇത്. രണ്ട് യുഎസ്ബി 3.1 പോർട്ടുകൾ, ഒരു യുഎസ്ബി 2.0 പോർട്ട്, ഒരു യുഎസ്ബി-സി പോർട്ട്, എച്ച്ഡിഎംഐ പോർട്ട്, ഒരു ഇഥർനെറ്റ് (ആർ‌ജെ 45) പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് ലാപ്ടോപ്പിലെ കണക്ടിവിറ്റി പോർട്ടുകൾ.

ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് ഇന്റൽ 10-ജെൻ ഐ5 പ്രോസസറാണ്. ഇത് പരമാവധി 4.2 ജിഗാഹെർട്സ് ക്ലോക്ക് ചെയ്യുന്നു. 8 ജിബി ഡിഡിആർ 4 റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമായാണ് ഈ ലാപ്ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്. എച്ച്ഡി‌ആറിൽ 4കെ റെസല്യൂഷൻ വീഡിയോകൾ സപ്പോർട്ട് ചെയ്യും. 1.1GHz ടർബോ ജിപിയു ഉള്ള ഇന്റലിന്റെ യുഎച്ച്ഡി 620 ഗ്രാഫിക്സ് ഗ്രാഫിക്സ് പ്രോസസ്സിങും ലാപ്ടോപ്പിൽ ഉണ്ട്. വിൻഡോസ് 10 ഹോം പ്ലസുംപ്യുർബുക്ക് എക്സ് 14ൽ ഒരു ബാക്ക്‌ലിറ്റ് കീബോർഡാണ് നൽകിയിട്ടുള്ളത്. ഒന്നിലധികം ജെസ്റ്റർ ഇൻപുട്ടുകൾ സപ്പോർട്ട് ചെയ്യുന്ന കൃത്യമായ ടച്ച്‌പാഡും ഈ ലാപ്ടോപ്പിൽ സെറ്റ് ചെയ്തിട്ടുണ്ടെന്ന് നോക്കിയ അവകാശപ്പെടുന്നു. 65W ചാർജറാണ് ലാപ്ടോപ്പിലുള്ളത്. 8 മണിക്കൂർ വരെ ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team