ഇന്ത്യ ലോഞ്ച് തീയതി പുറത്ത് ‌വിട്ട് സോണി  

ഗെയിമിങ് ആരാധകർ അക്ഷമരായി കാത്തിരുന്ന സോണിയുടെ പുത്തൻ ഗെയിമിങ് കൺസോൾ ആണ് പ്ലേസ്റ്റേഷൻ 5. 2013-ൽ വിപണിയിലെത്തിയ പ്ലേസ്റ്റേഷൻ 4-ന്റെ പിൻഗാമി 7 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് 2020 നവംബറിൽ വിപണിയിലെത്തിയത്. താമസിയാതെ തന്നെ പുത്തൻ ഗെയിമിംഗ് കൺസോളിന്റെ വില സോണി ഇന്ത്യ പ്രഖ്യാപിച്ചു. അതെ സമയം എപ്പോൾ പ്ലേസ്റ്റേഷൻ 5 ഇന്ത്യയിൽ വില്പനക്കെത്തും എന്നതിനെപ്പറ്റി വ്യക്തതയുണ്ടായിരുന്നില്ല.അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വില്പന ആരംഭിച്ച പ്ലേസ്റ്റേഷൻ 5 ഇന്ത്യയിൽ ലഭ്യമാവാൻ ഇനി ഏകദേശം ഒരു മാസം കാത്തിരിക്കണം. പ്ലേസ്റ്റേഷൻ 5 ഇന്ത്യയിൽ ലഭ്യമാവുക ഫെബ്രുവരി 2 മുതലാണ് എന്ന് വ്യക്തമാക്കി പുതുവത്സരദിനത്തിൽ സോണി ഇന്ത്യ ട്വീറ്റ് ചെയ്തു. ഒപ്പം ഈ മാസം 12 മുതൽ പ്ലേസ്റ്റേഷൻ 5-നായുള്ള ബുക്കിങ് ആരംഭിക്കും എന്നും സോണി വ്യക്തമാക്കിയിട്ടുണ്ട്.

, ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, ഗെയിംസ് ദി ഷോപ്, ഷോപ് അറ്റ് സോണി സെന്റർ, വിജയ് സെയ്ൽസ് തുടങ്ങിയ ഓൺലൈൻ ഓഫ്‌ലൈൻ ഉപാധികളിലൂടെ പ്ലേസ്റ്റേഷൻ 5 ബുക്ക് ചെയ്യാം.മുൻപ് പ്രഖ്യാപിച്ചതുപോലെ തന്നെ പ്ലേസ്റ്റേഷൻ 5 സ്റ്റാൻഡേർഡ് പതിപ്പിന് 49,990 രൂപയും പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷന് 39,990 രൂപയും ആണ് ഇന്ത്യയിൽ വില. പ്ലേസ്റ്റേഷൻ 5-നോടൊപ്പം ലഭ്യമായ ധാരാളം അക്‌സെസ്സറികളുടെയും വില സോണി പുറത്തു വിട്ടിട്ടുണ്ട്. പുതിയ തലമുറ ഡ്യുവൽസെൻസ് വയർലെസ്സ് കൺട്രോളറിന് 5,990 രൂപയാണ് വില. പ്ലേസ്റ്റേഷൻ എച്ഡി ക്യാമറയ്ക്ക് 5,190 രൂപയും, പൾസ്‌ 3ഡി വയർലെസ്സ് ഹെഡ്സെറ്റിന് 8,590 രൂപയും, പ്ലേസ്റ്റേഷൻ മീഡിയ റിമോട്ടിന് 2,590 രൂപയും കൺട്രോളറിനുള്ള ഡ്യുവൽസെൻസ് ചാർജിങ് സ്റ്റേഷന് 2,590 രൂപയുമാണ് വില.പ്ലേസ്റ്റേഷൻ 5-ൽ കളിക്കാവുന്ന 5 പുത്തൻ ഗെയിമുകളുടെ വിവരങ്ങളും സോണി വ്യക്തമാക്കിയിട്ടുണ്ട്. ഡീമോൺസ്‌ സോൾസ് (Rs 4,999), ഡിസ്ട്രക്ഷൻ ഓൾസ്റ്റാർസ് (Rs 4,999), മാർവെൽ സ്‌പൈഡർമാൻ മൈൽസ് മൊറാലസ്: അൾട്ടിമേറ്റ് എഡിഷൻ (Rs 4,999), സാക്‌ബോയ്‌: എ ബിഗ് അഡ്വെഞ്ചർ (Rs 3,999), മാർവെൽ സ്‌പൈഡർമാൻ: മൈൽസ് മൊറാലസ് (Rs 3,999) എന്നിവയാണ് പുത്തൻ ഗെയിമുകൾ.പ്ലേസ്റ്റേഷൻ 5-ന്റെ എതിരാളികൾ പ്രധാനിയായ മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സ് സീരീസ് എസ്, എക്‌സ്‌ബോക്‌സ് സീരീസ് എക്‌സ് എന്നിവയ്ക്ക് യഥാക്രമം 34,990 രൂപയും, 49,990 രൂപയുമാണ് വില. പുത്തൻ എക്‌സ്‌ബോസ് സീരീസിന്റെ വില്പന 2020 നവംബർ 10-ന് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team