ഇറച്ചിക്കോഴി ഉത്പദാനം വീണ്ടും കുറയുന്നെന്ന റിപ്പോര്‍ട്ട്!
കൊച്ചി: ഇറച്ചിക്കോഴി ഉത്പദാനം വീണ്ടും കുറയുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ ഓണ്‍ലൈനില്‍ കോഴിവില കിലോ ഗ്രാമിന് 240 രൂപയായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതോടെ ഇറച്ചിക്കോഴി വില കിലോ ഗ്രാമിന് 180 രൂപ വരെയായി ഉയര്‍ന്നിരുന്നു. ദിവസങ്ങളോളം ഈ വില തുടര്‍ന്ന ശേഷം പിന്നീട് കുറഞ്ഞിരുന്നു.ഈ സമയത്ത് സംസ്ഥാനത്തെ ഹോട്ടലുടമകള്‍ പ്രതിസന്ധിയിലായിരുന്നു. വില ഉയരുന്നത് ഇങ്ങനെ തുടര്‍ന്നാല്‍ ഹോട്ടലിലെ മെനു കാര്‍ഡില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കേണ്ടി വരുമെന്നാണ് ഹോട്ടലുടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കിയത്. വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.നേരത്തെ ചിക്കന് വില ഉയര്‍ന്നപ്പോള്‍ ചിക്കന്‍ വിഭവങ്ങളുടെ വില കാര്യമായി ഉയര്‍ത്തിയില്ലെങ്കിലും ഇനിയും വര്‍ദ്ധന തുടരുകയാണെങ്കില്‍ വില ഉയര്‍ത്തിയേക്കുമെന്നാണ് ഹോട്ടല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. കോഴിത്തീറ്റ വില വര്‍ദ്ധനവമാണ് ചിക്കന്റെ വില വര്‍ദ്ധനവിന് പ്രധാന കാരണം. സാധനങ്ങളുടെ വിലക്കയറ്റം കോഴിത്തീറ്റ വിലയ്ക്കും കാരണമായിട്ടുണ്ട്. ചോളം ഉള്‍പ്പടെയുള്ളവയ്ക്ക് വില ഉയരുന്നതാണ് പ്രധാന കാരണം.കൂടാതെ കര്‍ഷകരെ കൂടുതല്‍ ഈ മേഖലയില്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാരാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നുവരാത്തത് ഉത്പാദനം കാര്യമായി കുറച്ചിട്ടുണ്ട്. ഉത്പാദന ചെലവിന് അനുസരിച്ചുള്ള ലാഭം ലഭിക്കാത്തതാണ് കൂടുതല്‍ പേരും ഈ മേഖലയിലേക്ക് കടന്നുവരാത്തതിന്റെ കാരണം.അതേസമയം, പൊതുവിപണിയില്‍ ഇറച്ചിവില കൂടുന്നതോടെ സംസ്ഥാനത്തെ പൗള്‍ട്രീ വികസന കോര്‍പ്പറേഷന്‍ കോഴിയിറച്ചിയുടെ വില കുത്തനെ കൂട്ടിയെന്ന റിപ്പോര്‍ട്ടും ദിവസങ്ങള്‍ക്ക് മുമ്ബ് പുറത്തുവന്നിരുന്നു. പൊതുമേഖലയ സ്ഥാപനമായ പൗള്‍ട്രീ വികസന കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന വിവിധ ഇനം കോഴി ഇറച്ചിക്ക് 28 മുതല്‍ 34 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചത്. ഫ്രോസണ്‍ ചിക്കന് 11 മുതല്‍ 15 വരെയും വര്‍ദ്ധിപ്പിച്ചിരുന്നു.ബ്രോയിലര്‍ ചിക്കന്‍ തൊലിയോടു കൂടിയത് 220.80 രൂപയാണ് പുതുക്കിയ വില, നേരത്തെ ഇത് 192 രൂപയായിരുന്നു. തൊലിയില്ലാത്തത് 224.25 രൂപ, നേരത്തെ 195 രൂപ. നാടന്‍ ചിക്കന്‍ 247 , ബിരിയാണിക്കു വേണ്ടിയുള്ള ചിക്കന്‍ 262.20 നേരത്തെ 228 രൂപ, കറി കട്ട് 230 നേരത്തെ ഇത് 200 രൂപയായിരുന്നു. സ്പെഷല്‍ കറി കട്ട് 253 . നേരത്തെ ഇത് 220 രൂപയായിരുന്നു. ജനത ചിക്കന്‍ 131.10 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത് നേരത്തെ ഇത് 114 രൂപയായിരുന്നു.എന്നാല്‍ ഇതിനിടെ കോഴിവില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് മറ്റൊരു ആക്ഷേപം ഉയര്‍ന്നിരുന്നു, കേരളത്തില്‍ കോഴിവില വര്‍ദ്ധിക്കുന്നതിന് പിന്നില്‍ തമിഴ്നാടാണെന്നാണ് ആരോപണം. കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴിയുടെ 80 ശതമാനവും കേരളത്തില്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തമിഴ്‌നാട് ഇറച്ചിക്ക് പണ്ടുണ്ടായിരുന്ന ഡിമാന്‍ഡ് ഇപ്പോഴില്ല. എന്നാല്‍ കുഞ്ഞുങ്ങളുടെ ഉത്പാദനം ഇപ്പോഴും തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില തമഴ്‌നാട് ലോബി നിയന്ത്രിക്കുന്നത്.