ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷനുകൾ ഒരുക്കി കെഎസ്ഇബി :ഫെബ്രുവരി ആറുവരെ സൗജന്യം  

രാജ്യത്ത് ഇലക്‌ട്രിക് വാഹനം പ്രോത്സഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ വിഭാവനം ചെയ്യുന്നത്. ഡല്‍ഹി സര്‍ക്കാര്‍ ഇവി നയം വര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ കേരളത്തിലും വിവിധ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്‌ഇബിയുടെ കീഴില്‍ നിരവധി പദ്ധതികളാണ് ഒരുങ്ങുന്നത്.
വിവിധ ഇടങ്ങളില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കെഎസ്‌ഇബിയുടെ കീഴില്‍ ഒരുങ്ങി കഴിഞ്ഞു. ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

വൈദ്യുതി വാഹനങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം ചാര്‍ജിംഗ് സ്റ്റേഷന്‍ ശൃംഖല ഒരുക്കുകയാണ് കെഎസ്‌ഇബി. സംസ്ഥാന സര്‍ക്കാരിന്റെ ഇ – വെഹിക്കിള്‍ നയപ്രകാരം ചാര്‍ജ് സ്റ്റേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്‌ഇബിഎല്ലിനെ തെരഞ്ഞെടുത്തിരുന്നു.

ഇതനുസരിച്ച്‌ ആദ്യപടിയായി കെഎസ്‌ഇബിഎല്‍ ആറ് സ്ഥലങ്ങളില്‍ വൈദ്യുതചാര്‍ജ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.

നേമം, ഇലക്‌ട്രിക്കല്‍ സെക്ഷന്‍, തിരുവനന്തപുരം
ഓലൈ, ഇലക്‌ട്രിക്കല്‍ സെക്ഷന്‍, കൊല്ലം
പാലാരിവട്ടം, വൈദ്യുതി ഭവനം, എറണാകുളം
വിയ്യൂര്‍, സബ്സ്റ്റേഷന്‍, തൃശ്ശൂര്‍
നല്ലളം, സബ്സ്റ്റേഷന്‍, കോഴിക്കോട്
ചൊവ്വ, സബ്സ്റ്റേഷന്‍, കണ്ണൂര്‍
എന്നിവിടങ്ങളിലാണ് നിലവില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തയാറായിരിക്കുന്നത്.

വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്‌ഇബിയുടെ വൈദ്യുത കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് 2021 ഫെബ്രുവരി ആറുവരെ തികച്ചും സൗജന്യമായി കാര്‍ ചാര്‍ജ് ചെയ്യാം.

കെഎസ്‌ഇബിയുടെ ആറ് വൈദ്യുത കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഇക്കഴിഞ്ഞ നവംബര്‍ ഏഴ് മുതല്‍ ഇത് സൗജന്യമാണ്. കൂടാതെ എല്ലാ ജില്ലകളിലുമായി 56 ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്‌ഇബിഎല്‍ ആരംഭിച്ചിട്ടുണ്ട്. അതില്‍ സര്‍ക്കാര്‍ പൊതുമേഖലയിലുള്ള ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുന്നു.

ഭാവിയില്‍ കൂടുതല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിരവധി സ്ഥലങ്ങളിലേക്ക് ഇത്തരം പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഒരു ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ ചെലവ് വരുമെന്നാണാണ് കണക്കുകൂട്ടല്‍. ചില വിഭാഗങ്ങള്‍ക്ക് കേന്ദ്രം സബ്‌സിഡി നല്‍കുന്നുണ്ട്. 2022 ആകുമ്ബോഴേക്ക് 10 ലക്ഷം ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team