ഇലക്ട്രിക് സോയിയെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി റേനോ!
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഈ വര്‍ഷം നടന്ന 2020 ഓട്ടോ എക്സ്പോയിലാണ് ഇലക്‌ട്രിക് കാറായ സോയിയെ അവതരിപ്പിക്കുന്നത്. രാജ്യാന്തര വിപണിയില്‍ റെനോ വില്‍ക്കുന്ന പൂര്‍ണ ഇലക്‌ട്രിക് കാറാണ് സോയി. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ വിപണിയില്‍ ഈ മോഡലിനെ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി തുടങ്ങിയിട്ടുണ്ട്. മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. ചെന്നൈയില്‍ പരീക്ഷണയോട്ടത്തിനിടെയാണ് കാര്‍ ക്യാമറയില്‍ കുടുങ്ങിയത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് സോയി ഇലക്‌ട്രിക് കാറിനെ നിര്‍മ്മാതാക്കള്‍ പരിഷ്‌കരിച്ചത്.ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ്, 17 ഇഞ്ച് അലോയ് വീലുകള്‍, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ടച്ച്‌സ്‌ക്രീന്‍ ഹെഡ്-യൂണിറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് സെന്‍സറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വാഹനത്തിലെ സവിശേഷതകള്‍. കാറിനെയും സ്മാര്‍ട്ട്ഫോണിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെനോ ഈസി കണക്‌ട് ഫീച്ചറും ലഭ്യമാണ്.
മൂന്നാം തലമുറ റെനോ സോയിയുടെ കരുത്ത് 100 kW ശേഷിയുള്ള ഇലക്‌ട്രിക് മോട്ടോറാണ്. Z.E 50 ബാറ്ററി യൂണിറ്റ് മോട്ടോറിന് കരുത്ത് പകരുന്നു. ഒറ്റ ചാര്‍ജില്‍ 390 കിലോമീറ്റര്‍ റെനോ സോയി ഓടുമെന്നാണ് സൂചന. കാറിന് കമ്ബനി സമര്‍പ്പിക്കുന്ന കമിലിയോണ്‍ ചാര്‍ജറാണ് മറ്റൊരു പ്രത്യേകത. വാഹനഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ നിര്‍മ്മിക്കാനായിരിക്കും കമ്ബനിയുടെ പദ്ധതി എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.