ഇലക്‌ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍!
ഇലക്‌ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍. ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നടപടി. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഇലക്‌ട്രിക് വാഹന നയ പ്രകാരമാണ് ഈ നടപടിയെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് അറിയിച്ചു. നികുതി ഒഴിവാക്കല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം ഗതാഗതവകുപ്പ് പുറത്തിറക്കുകയും ചെയ്തു.
ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഡല്‍ഹിയിലെ മലിനീകരണ തോത് കുറയ്ക്കാനും സമ്പത്ത് വ്യവസ്ഥ ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് പുതിയ ഇലക്‌ട്രിക് വാഹന നയം സ്വീകരിച്ചത്. ഈവര്‍ഷം ഓഗസ്റ്റിലാണ് കെജ്രിവാള്‍ സര്‍ക്കാര്‍ ഇലക്‌ട്രിക് വാഹനനയം കൊണ്ടുവന്നത്.രജിസ്ട്രേഷന്‍ നിരക്ക്, റോഡ് നികുതി എന്നിവ ഒഴിവാക്കല്‍, പുതിയ കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്സിഡി തുടങ്ങിയവ നയത്തില്‍ പറയുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പുതിയ ഇവികള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഇതിനകം നിലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ FAME 2.0 പോളിസിക്ക് മുകളിലായിരിക്കും ഈ നയത്തിന് കീഴില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും എന്നാണ് റിപ്പോര്‍ട്ട്.
‘ഇലക്‌ട്രിക് വാഹനനയത്തില്‍ ഉള്ളതുപോലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്ത അനുസരിച്ച് ഡല്‍ഹി സര്‍ക്കാര്‍ ഇലക്‌ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇലക്‌ട്രിക് വാഹനരംഗത്ത് ഡല്‍ഹി രാജ്യത്തെ നയിക്കുമെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’- ഗെലോട്ട് ട്വീറ്റ് ചെയ്തു.