ഇലോന്‍ മസ്കിന്റെ ഇന്റര്‍നെറ്റ് സേവനം ഉടന്‍ ഇന്ത്യയിലും!
മുംബൈ: വാഹന ഗതാഗതത്തിലും ബഹിരാകാശ യാത്രയിലും വിപ്ലവം സൃഷ്ടിച്ച് ശതകോടീശ്വരനായി മാറിയ ഇലോന്‍ മസ്കിന്റെ ഇന്റര്‍നെറ്റ് സേവനം ഉടന്‍ ഇന്ത്യയിലും.മസ്കിന്റെ ബഹിരാകാശ കമ്ബനിയായ സ്പേസ് എക്സിന്റെ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കൂടി അറിയിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ ഇതുസംബന്ധിച്ച അനുമതി പത്രങ്ങള്‍ക്കായുള്ള നടപടികളിലാണെന്ന് ട്വിറ്ററിലൂടെ മസ്ക് പറഞ്ഞിട്ടുള്ളത്. ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല തീര്‍ത്ത് ആഗോള ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നല്‍കുകയാണ് സ്റ്റാര്‍ലിങ്ക് ലക്ഷ്യം വെക്കുന്നത്.
2019-ലാണ് സ്പേസ് എക്സ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷം തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കായി മാസത്തില്‍ 99 ഡോളര്‍ നിരക്കില്‍ ബീറ്റ പ്രോഗ്രാം തുറന്നുനല്‍കി. ഇതിന് ശേഷം 1700 സാറ്റലൈറ്റുകള്‍ സ്പേസ് എക്സ് വിക്ഷേപിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം ടെര്‍മിനലുകളും ഉപയോക്താക്കള്‍ക്ക് ഇവര്‍ ഇതിനോടകം അയച്ചുനല്‍കിയിട്ടുണ്ട്. അഞ്ചു ലക്ഷത്തോളം ടെര്‍മിനലുകള്‍ക്ക് ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ട്. സ്റ്റാര്‍ലിങ്കിന്റെ ബീറ്റ ഉപഭോക്താക്കളില്‍ പലരും സാധാരണ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയൊന്നും എത്തിപ്പെടാത്ത ഉള്‍പ്രദേശങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവരാണ് എന്നുള്ളതാണ്.
അതേസമയം ടെര്‍മിനല്‍ ‘ഡിഷി മക്ഫ്ളാറ്റ്ഫേസ്’, വൈഫൈ റൂട്ടര്‍, പവര്‍ സപ്ലൈ, കേബിളുകള്‍, മൗണ്ടിംഗ് ട്രൈപോഡ് എന്നിവയടങ്ങുന്ന സ്റ്റാര്‍ട്ടിങ് കിറ്റിന് 499 ഡോളറാണ് സ്പേസ് എക്സ് ഈടാക്കുന്നത്. 30,000 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുക വഴി ദശലക്ഷകണക്കിന് ഉപഭോക്താക്കളെ സൃഷ്ടിക്കുക എന്നതാണ് സ്റ്റാര്‍ലിങ്കിന്റെ പ്രധാനലക്ഷ്യം.