ഇൻവെസ്റ്റ്‌ ഇന്ത്യക്ക് യൂ എൻ അംഗീകാരം!  

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ 2020ലെ നിക്ഷേപ പ്രോത്സാഹന അവാര്‍ഡ് ‘ഇന്‍വെസ്റ്റ് ഇന്ത്യ’ യ്ക്ക്. നിക്ഷേപ പ്രോത്സാഹനത്തിനായി രൂപീകൃതമായ ഏജന്‍സികളുടെ പ്രകടന മികവ് അംഗീകരിക്കാനും ആഘോഷിക്കാനുമായി യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്മെന്റ് (യുഎന്‍സിടിഎഡി ) ആണ് വര്‍ഷം തോറും ഈ ബഹുമതി നല്‍കുന്നത്. 180 ലോകരാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപ പ്രോത്സാഹന ഏജന്‍സികളുടെ പ്രകടന മികവു വിലയിരുത്തിയാണു യുഎന്‍സിടിഎഡി ഇത്തവണ ജേതാവിനെ നിര്‍ണയിച്ചത്. ജനീവയില്‍ നടന്ന ചടങ്ങില്‍ ‘ ഇന്‍വെസ്റ്റ് ഇന്ത്യ’ യ്ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു.നിക്ഷേപ പ്രോത്സാഹന ഏജന്‍സികളുടെ പ്രകടനവും ആഗോളതലത്തിലെ മികച്ച പ്രവര്‍ത്തന രീതികളും വിലയിരുത്താനും അംഗീകരിക്കാനും സ്ഥാപിതമായ കേന്ദ്ര സംഘടനയാണു യുഎന്‍സിടി എഡി.മുന്‍വര്‍ഷങ്ങളില്‍ ജര്‍മനി, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് സംഘടനയുടെ നിക്ഷേപ പ്രോത്സാഹന അവാര്‍ഡിന് അര്‍ഹരായത്.ബിസിനസ് ഇമ്യൂണിറ്റി പ്ലാറ്റ്ഫോം, സവിശേഷ ഇന്‍വെസ്റ്റ്മെന്റ് ഫോറം വെബിനാര്‍ പരമ്ബര, സാമൂഹിക മാധ്യമ സാന്നിധ്യം, ‘കോവിഡ് 19’ റെസ്പോണ്‍സ് ടീമുകളോടുള്ള പരിഗണന തുടങ്ങി ‘ഇന്‍വെസ്റ്റ് ഇന്ത്യ’യുടെ മികച്ച രീതികളും പ്രവര്‍ത്തന ശൈലിയും പരിഗണിച്ചാണു യുഎന്‍സിടിഎ ഡി ഇക്കുറി ഇന്ത്യന്‍ ഏജന്‍സിയെ പുരസ്കാരത്തിനു തിരഞ്ഞെടുത്തതെന്നു കേന്ദ്ര വാണിജ്യ മന്ത്രാലയം വിശദീകരിച്ചു. ‘കോവിഡ് 19’ മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ കൈവരിച്ച മികവിനുള്ള അംഗീകാരം കൂടിയാണിതെന്നും ‘ഇന്‍വെസ്റ്റ് ഇന്ത്യ’ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ദീപക് ബാഗ്ല അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team