ഇ-ഓട്ടോ; ഉല്‍പാദനം വര്‍ധിപ്പിക്കാൻ കൂട്ടായ ശ്രമം വേണം: മന്ത്രി പി.രാജീവ്  

തിരുവനന്തപുരം: കേരളാ ഓട്ടോമൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇ-ഓട്ടോ ഉല്‍പാദനം വര്‍ധിപ്പിക്കാനും വിപണി കണ്ടെത്താനും സര്‍ക്കാരും മാനേജ്‌മെന്റും തൊഴിലാളികളും കൂട്ടായി ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കെ.എ.എല്‍ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ശേഷം തൊഴിലാളി യൂണിയന്‍ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇ-ഓട്ടോക്ക് ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണുള്ളത്. വാഹന വില്‍പനക്കാരും മികച്ച അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശനത്തിനിടെ ഏതാനും വില്‍പനക്കാരുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. ഇ-ഓട്ടോക്ക് വിപണിയിലുള്ള നല്ല പ്രതികരണം ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂട്ടായ ശ്രമത്തിലൂടെ ഇതിന് കഴിയണമെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലയിലെ നവ സംരംഭം എന്ന നിലയില്‍ ഇപ്പോഴുള്ള പോരായ്മകള്‍ നികത്തും. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റിയാബിനെ ചുമതലപ്പെടുത്തി.

പൊതുവെ നല്ല പ്രതികരണം ഉളവാക്കിയ ഇ-ഓട്ടോയെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ സംഘടിപ്പിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നീക്കമുണ്ടെന്ന് സംശയിക്കുന്നതായി ചര്‍ച്ചകളില്‍ അഭിപ്രായമുണ്ടായി. ഇ-ഓട്ടോ പ്ളാന്റും ഓഫീസും മന്ത്രി സന്ദര്‍ശിച്ചു. ഇ-ഓട്ടോയില്‍ യാത്ര നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team