കേരള ബ്രാൻഡ് ഈസ്‌റ്റേണിനെ നോര്‍വെയുടെ ഓര്‍ക്ല ഏറ്റെടുത്തു: 1360 കോടിയുടെ ഡീല്‍!
മീരാന്‍ കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന 42 ശതമാനം ഓഹരിയും മക്കോര്‍മിക് ഗ്രൂപ്പിന്റെ കൈയിലുണ്ടായിരുന്ന 26 ശതമാനം ഓഹരിയും ചേര്‍ത്താണ് ഈസ്‌റ്റേണിന്റെ 68 ശതമാനം ഓഹരി ഓര്‍ക്ല ഏറ്റെടുത്തിരിക്കുന്നത്. ഈസ്‌റ്റേണിന് 2,000 കോടി മൂല്യം കല്‍പ്പിച്ചാണ് ഏറ്റെടുക്കല്‍.
മലയാളി കമ്പനി ഈസ്റ്റേണിന് 2000 കോടി മൂല്യം കല്‍പ്പിച്ചാണ് നോര്‍വെ കമ്പനിയുടെ ഏറ്റെടുക്കല്‍
കേരളത്തിലെ പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിനെ നോര്‍വെ കേന്ദ്രമാക്കിയ വമ്പന്‍ ഫുഡ് കമ്പനി ഓര്‍ക്ല ഏറ്റെടുത്തു. 1360 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍.
ഓര്‍ക്ലയുടെ ഇന്ത്യന്‍ സബ്‌സിഡിയറിയായ എംടിആര്‍ ഫുഡ്‌സ് വഴിയാണ് ഏറ്റെടുക്കല്‍ നടന്നിരിക്കുന്നത്. കരാര്‍ പൂര്‍ത്തിയായ ശേഷം ഈസ്റ്റേണും എംടിആറും ലയിക്കും. പുതിയ കമ്പനിയുടെ ഉടമസ്ഥാവകാശം ഓര്‍ക്ലയ്ക്കും ഫിറോസ് മീരാനും നവാസ് മീരാനുമായിരിക്കും.
ഓര്‍ക്ലയ്ക്ക് 90 ശതമാനം ഉടമസ്ഥാവകാശവും മീരാന്‍ കുടുംബത്തിന് 10 ശതമാനം ഉടമസ്ഥാവകാശവുമായിരിക്കും പുതിയ കമ്പനിയിലുണ്ടാകുക. ഇന്ത്യയില്‍ 920 കോടി രൂപയുടെ വിറ്റുവരവുള്ള വമ്പന്‍ കമ്പനിയാണ് എംടിആര്‍.
1980കളിലാണ് അടിമാലി കേന്ദ്രമാക്കി ഈസ്റ്റേണ്‍ ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങുന്നത്.