ഈ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾ ലാഭം പ്രതീക്ഷിക്കരുത്!
നിക്ഷേപങ്ങളുടെ അടിസ്ഥാന ലക്ഷ്യം തന്നെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ നേടുക എന്നതും സമ്ബത്ത് സൃഷ്ടിക്കുക എന്നതുമാണ്.എന്നിരുന്നാലും നമ്മുടെ എല്ലാ നിക്ഷേപങ്ങളും ലാഭം സൃഷ്ടിക്കാനുള്ളവയല്ല എന്ന് നിങ്ങള്‍ക്ക് അറിയാമോ? അത്തരത്തില്‍ തിരിച്ചെന്ത് ആദായം ലഭിക്കും എന്ന ചോദ്യത്തിന് തീരെ പ്രസക്തിയില്ലാത്ത മൂന്ന് നിക്ഷേപങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയുവാന്‍ പോകുന്നത്.
ലൈഫ് ഇന്‍ഷുറന്‍സ്
അപ്രതീക്ഷിത മരണം ഉണ്ടാക്കുന്ന തിരിച്ചടിയില്‍ നിന്നും കുടുംബത്തെയും ആശ്രിതരെയും സംരക്ഷിക്കുക എന്നതാണ് ലെഫ് ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ നാം ലക്ഷ്യമിടുന്നത്. നമുക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന് ശേഷമുള്ള നമ്മുടെ ആശ്രിതരുടെ ജീവിതത്തിന്റെ സാമ്ബത്തീക സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ നാം ചെയ്യുന്നത്. മരണ ശേഷം ഇന്‍ഷുറന്‍സ് കമ്ബനി കുടുംബത്തിന്റെ സാമ്ബത്തീക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവരെ സഹായിക്കും. പോളിസി കാലയളവ് നിങ്ങള്‍ അതിജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കോ കുടുംബത്തിനോ യാതൊന്നും ലഭിക്കുകയുമില്ല.
ഇനി ഇന്‍ഷുറന്‍സ് കമ്ബനിയ്ക്ക് നിങ്ങള്‍ നല്‍കുന്ന പ്രീമിയങ്ങളിലൂടെ എന്തെങ്കിലും ലാഭം നേടുവാനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളെ കൊണ്ടെത്തിക്കുന്നത് പരമ്ബരാഗത പോളിസികള്‍ വാങ്ങിക്കുന്നതിലേക്ക് ആയിരിക്കും. അത് യഥാര്‍ത്ഥത്തില്‍ ശരിക്കുമൊരു മോശം തീരുമാനമാണ്. കാരണം പരമ്ബരാഗത ഇന്‍ഷുറന്‍സ് പ്ലാനുകള്‍ നിങ്ങളുടെ കുടുംബത്തിന് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും ഒപ്പം മതിയായ അളവിലുള്ള ആദായം നല്‍കുന്നതിനും പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഒരു മണി ബാക്ക് പോളിസി 20 വര്‍ഷത്തെ പോളിസി കാലയളവില്‍ തിരികെ നല്‍കുന്നത് 4.5 ശതമാനം മുതല്‍ 6 ശതമാനം വരെയുള്ള തുച്ഛമായ ആദായമായിരിക്കും. നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യങ്ങള്‍ക്കായി എപ്പോഴും പ്യുവര്‍ വാനില ടേം പോളിസി വാങ്ങിക്കുന്നതാണ് നല്ലതെന്ന് സാമ്ബത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
എമര്‍ജന്‍സി ഫണ്ട്
തീര്‍ത്തും അപ്രതീക്ഷിത സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്ബോള്‍ ഉപയോഗപ്പെടുത്തുവാനായി മാറ്റി വയ്ക്കുന്ന തുകയാണ് എമര്‍ജന്‍സി ഫണ്ട്. നമുക്ക് തൊഴില്‍ നഷ്ടമുണ്ടാവുകയോ, അടിയന്തിര ആശുപത്രി ചിലവുകള്‍ ആവശ്യമായി വരികയോ പോലുള്ള സന്ദര്‍ഭങ്ങളിലാണ് എമര്‍ജന്‍സി ഫണ്ടിന്റെ പ്രാധാന്യം മനസ്സിലാകുന്നത്. കോവിഡ് കാലഘട്ടം മിക്കവര്‍ക്കും അത്തരത്തില്‍ ഒരു സമയമായിരുന്നു. നാം ഒട്ടു പ്രതീക്ഷിക്കാത്ത ചില സാഹചര്യങ്ങള്‍ നമുക്ക് മുന്നിലെത്തുമ്ബോള്‍ ഏറെ എളുപ്പത്തില്‍ പണം ലഭ്യമാകുന്നതിനാണ് എമര്‍ജന്‍സി ഫണ്ട് നാം നേരത്തേ തയ്യാറാക്കി വയ്ക്കുന്നത്. എപ്പോഴാണ് ജീവിതത്തില്‍ നമുക്ക് പണത്തിനായി ആവശ്യം വരിക എന്ന് പറയുവാന്‍ സാധിക്കുകയില്ലല്ലോ.
അതിനാല്‍ തന്നെ എമര്‍ജന്‍സി ഫണ്ടിനായി അനുയോജ്യമായ നിക്ഷേപോപാധി തെരഞ്ഞെടുക്കുന്നതിന് മുമ്ബായി നിക്ഷേപത്തിന്റെ സുരക്ഷിതത്വവും ലിക്വിഡിറ്റിയ്ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത്. നമുക്ക് അത്യാവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ മറ്റ് പ്രയാസങ്ങളോ കാലതാമസമോ ഇല്ലാതെ പണം നമ്മുടെ കൈകളില്‍ എത്തണം. അതിനാല്‍ തന്നെ എമര്‍ജന്‍സി ഫണ്ടില്‍ നിന്നുള്ള ആദായം എന്നത് പരിഗണിക്കേണ്ടുന്ന ഒരു കാര്യമല്ല. എമര്‍ജന്‍സി ഫണ്ടായി നിക്ഷേപം നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളാണ്. സുരക്ഷിതത്തിനൊപ്പം നമുക്ക് എപ്പോള്‍ ആവശ്യം വന്നാലും തുക പിന്‍വലിക്കുവാന്‍ സാധിക്കുമെന്നതും സേവിംഗ്‌സ് അക്കൗണ്ടുകളുടെ പ്രത്യേകതകളാണ്.
സ്വര്‍ണ ആഭരണങ്ങള്‍
ഒരു വ്യക്തിയുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോവില്‍ ഉള്‍പ്പെടുത്തേണ്ടുന്ന മികച്ച ഒരു തെരഞ്ഞെടുപ്പ് തന്നെയാണ് സ്വര്‍ണം. എന്നാല്‍ ആ നിക്ഷേപം സ്വര്‍ണ ആഭരണങ്ങളുടെ രൂപത്തിലാണെങ്കില്‍ അതൊരു മോശം നിക്ഷേപ തീരുമാനമാണ്. സ്വര്‍ണാഭരണങ്ങള്‍ എപ്പോഴും വൈകാരിക മൂല്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നവയാണ്. അതിനാല്‍ തന്നെ ഭാവിയിലെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്കായി അവ വില്‍പ്പന നടത്തുവാന്‍ താത്പര്യം കാണിക്കുന്നവര്‍ കുറവായിരിക്കും.
ഇനി വില്‍പ്പന നടത്തിയാലും അതിന് പകരം മറ്റൊരു ആഭരണം വാങ്ങിക്കുവാനായിരിക്കും പിന്നീടുള്ള ആഗ്രഹം. ഒരു സ്വര്‍ണാഭരണം വില്‍പ്പന നടത്തുന്ന സമയത്താണെങ്കില്‍ പണിക്കൂലി ഉള്‍പ്പെടെയുള്ള ചാര്‍ജുകള്‍ തുടങ്ങി വാങ്ങിയ മൂല്യത്തില്‍ കുറഞ്ഞ മൂല്യം മാത്രമേ ലഭിക്കുകയുമുള്ളൂ. സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം സ്വര്‍ണ നിക്ഷേപത്തിനവായി ഡിജിറ്റല്‍ ഗോള്‍ഡുകളും ഗോള്‍ഡ് ഇടിഎഫുകളും നിക്ഷേപ പോര്‍ട്ട്‌ഫോളിയോവില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്.