ഈ വര്‍ഷത്തെ ആരോഗ്യ ബജറ്റ് ആരോഗ്യ സംരക്ഷണം നല്‍കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന്പ്രധാന മന്ത്രി!  

ദില്ലി; ഈ വര്‍ഷത്തെ ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് അനുവദിച്ച വിഹിതം അഭൂതപൂര്‍വമാണെന്നും ഓരോ പൗരനും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം നല്‍കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ് അത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി.ആരോഗ്യമേഖലയിലെ ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പകര്‍ച്ചവ്യാധിയോടുള്ള പോരാട്ടം മാത്രമല്ല, ഭാവിയില്‍ ഇത്തരമൊരു സാഹചര്യത്തിന് രാജ്യത്തെ ഒരുക്കണമെന്ന ഒരു പാഠം കൊറോണ നമ്മെ പഠിപ്പിച്ചു.അതിനാല്‍, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.ഭാവിയിലെ ഏത് ആരോഗ്യ ദുരന്തവും മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെ, വെന്റിലേറ്ററുകള്‍ മുതല്‍ വാക്‌സിനുകള്‍ വരെ, ശാസ്ത്രീയ ഗവേഷണം മുതല്‍ നിരീക്ഷണ അടിസ്ഥാനസൌകര്യം വരെ, ഡോക്ടര്‍മാര്‍ മുതല്‍ എപ്പിഡെമിയോളജിസ്റ്റുകള്‍ വരെ എല്ലാ കാര്യങ്ങളിലും നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ആത്മനിര്‍ഭര്‍സ്വസ്ത് ഭാരത് പദ്ധതിക്ക് പിന്നിലെ പ്രചോദനം ഇതാണ്. ഈ പദ്ധതി പ്രകാരം,രാജ്യത്തിനകത്ത് തന്നെ ഗവേഷണം മുതല്‍ പരിശോധന, ചികിത്സ വരെ ഒരു ആധുനിക ആവാസവ്യവസ്ഥവികസിപ്പിക്കും. ഈ പദ്ധതി എല്ലാ മേഖലകളിലും നമ്മുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കും.

15-ാമത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ആരോഗ്യ സേവനങ്ങള്‍ കണക്കിലെടുത്ത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് 70000 കോടി രൂപയില്‍ കൂടുതല്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതായത്, ആരോഗ്യസംരക്ഷണത്തിനുള്ള നിക്ഷേപത്തിന് മാത്രമല്ല, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനും ഗവണ്‍മെന്റ് ഊന്നല്‍ കൊടുക്കുന്നു. ഈ നിക്ഷേപങ്ങള്‍ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മഹാമാരിയുടെ സമയത്ത് വെന്റിലേറ്ററുകളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതില്‍ നാം കൈവരിച്ച മികച്ച നേട്ടത്തിന്റെ അടിസ്ഥാനത്തില്‍, അന്താരാഷ്ട്ര തലത്തിലെ വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്ത് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.

ആരോഗ്യമേഖലയില്‍ താങ്ങാനാവുന്ന വിലയും ലഭ്യതയും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള ശരിയായ അവസരമാണിതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ആരോഗ്യമേഖലയില്‍ ആധുനിക സാങ്കേതികവിദ്യ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സാധാരണക്കാര്‍ക്ക് അവരുടെ സൌകര്യത്തിനനുസരിച്ച്‌ ഫലപ്രദമായ ചികിത്സ ലഭിക്കാന്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തിന് ഈ മാറ്റങ്ങള്‍ വളരെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team