ഈ വർഷം വാട്സ്ആപ്പിൽ എത്തിയ മികച്ച 10 അപ്‍ഡേയ്റ്റുകൾ
180-ഓളം രാജ്യങ്ങളിലായി ഏകദേശം 2 ബില്ലിയനിലധികം പേർ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആണ് വാട്‌സ്ആപ്പ്. ടെലിഗ്രാം, വീ ചാറ്റ്, സ്നാപ്ചാറ്റ് തുടങ്ങിയ എതിരാളികളുണ്ടെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തിലും ദിവസവും കൈമാറ്റം ചെയ്യുന്ന മെസ്സേജുകളുടെ എണ്ണത്തിലും വാട്സ്ആപ്പ് ബഹുദൂരം മുന്നിലാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഒന്നാം സ്ഥാനം നിലനിർത്തുന്നതിൽ ഒരു പ്രധാന ഘടകം അപ്‍ഡേയ്റ്റുകളാണ്. കൃത്യമായ ഇടവേളകളിൽ അവതരിപ്പിക്കുന്ന അപ്‍ഡേയ്റ്റുകളിൽ പലതും ഉപഭോക്താക്കളുടെ പ്രതികരണങ്ങൾക്കനുസരിച്ചാണ്.
വർഷങ്ങളായി വാട്സ്ആപ്പ് അപ്‍ഡേയ്റ്റുകൾ ആപ്പിനെ പരിഷ്കരിച്ചുകൊണ്ടേയിരിക്കുന്നു. ഈ വർഷവും ധാരാളം അപ്‍ഡേയ്റ്റുകൾ വാട്സ്ആപ്പിലെത്തി. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന 10 അപ്‍ഡേയ്റ്റുകൾ ഏതൊക്കെ എന്ന് നോക്കാം. ഒപ്പം ഈ അപ്‍ഡേയ്റ്റുകൾ നിങ്ങളുടെ വാട്സ്ആപ്പിൽ ഉപയോഗിച്ച് തുടങ്ങിയോ എന്ന് പരിശോധിക്കുകയുമാവാം.
ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഉപഭോക്താക്കൾ ഏറെ ആവശ്യപ്പെട്ട ഡാർക്ക് മോഡ് വാട്ട്‌സ്ആപ്പിൽ എത്തിയത്. ഇരുണ്ട തീം കണ്ണുകൾക്ക് ആശ്വാസം നൽകാൻ സഹായിക്കുക മാത്രമല്ല, ഫോണിന്റെ ബാറ്ററി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുമ്പോൾ പശ്ചാത്തലം ഇരുണ്ട ഗ്രേ നിറത്തിലേക്ക് മാറും. ഡാർക്ക് മോഡ് പ്രവർത്തനക്ഷമമാക്കാൻ, സെറ്റിങ്സിൽ ‘ചാറ്റ്സ്’ അമർത്തി ഡിസ്പ്ലേ വിഭാഗത്തിലെ ‘തീം’ അമർത്തണം. തുടർന്ന് ലൈറ്റ്, ഡാർക്ക്, സിസ്റ്റം ഡിഫാൾട്ട് എന്നീ ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കാം.
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലെ ഇൻസ്റ്റന്റ് ആയി പണം അയക്കാനുള്ള പേയ്‌മെന്റ് സംവിധാനം ഈ വർഷമാണ് വാട്സ്ആപ്പിൽ എത്തിയത്. മെസ്സേജ് അയക്കുന്നതുപോലെ സുഹൃത്തുക്കൾക്കോ കുടുംബത്തിലുള്ളവർക്കോ പണം അയയ്‌ക്കുകയോ അവരിൽനിന്നും പണം സ്വീകരിക്കുകയോ ചെയ്യാം. എന്നിരുന്നാലും, എല്ലാ വാട്സാപ്പ് ഉപഭോക്താക്കൾക്കും ഈ സംവിധാനം ഇതുവരെ ലഭ്യമായിട്ടില്ല. 2021-ൽ ഡവ സംവിധാനം എല്ലാ ആപ്പ് ഉപഭോക്താക്കൾക്കും ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വ്യക്തിയുമായുള്ള ചാറ്റ് വിൻഡോയുടെ മുകൾ ഭാഗത്ത് തന്നെ പേയ്‌മെന്റ് ഓപ്ഷൻ കണ്ടെത്താം. അറ്റാച്ച്മെന്റ് ഐക്കണിലേക്ക് പോയി പേയ്‌മെന്റ് ഓപ്ഷനിൽ അമർത്തിയാണ് പേയ്മെന്റ് നടത്തേണ്ടത്. ആദ്യമായി ഈ സംവിധാനം ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കാൻ ആവശ്യപ്പെടും.