ഉണർവെകാൻ ഉത്സവ പാക്കേജ് !  

ന്യൂഡല്‍ഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച മാന്ദ്യത്തില്‍ നിന്ന് കരകയറുകയും ഉത്സവകാലത്തിന്റെ ചുവടുപിടിച്ച്‌ ഉപഭോക്തൃ വിപണിയെ ഉണര്‍വിലെത്തിക്കുകയുമാണ് പുതിയ ‘ഉത്തേജന” പാക്കേജിലൂടെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലക്ഷ്യമിടുന്നത്. ജി.ഡി.പി വളര്‍ച്ചയ്ക്ക് കുതിപ്പേകാനായി അടിസ്ഥാനസൗകര്യ മേഖലയിലേക്കുള്ള പണമൊഴുക്കും മന്ത്രി പ്രഖ്യാപിച്ചു.

എല്‍.ടി.സി കാഷ് വൗച്ചര്‍

 ടൂറിസം, ജോലി സ്ഥലത്തു നിന്ന് സ്വദേശത്തേക്കുള്ള യാത്ര എന്നിവയ്ക്ക് അവധിയോടെയുള്ള എല്‍.ടി.ടി (ലീവ് ട്രാവല്‍ കണ്‍സെഷന്‍) ആനുകൂല്യം കൊവിഡ് കാലത്ത് ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് അത്രയും തുകയ്‌ക്ക് കാഷ് വൗച്ചര്‍ നല്‍കും.

 വൗച്ചറില്‍ ലഭ്യമാകുക എല്‍.ടി.സി കാലത്തെ അവധിക്ക് തുല്യമായ പണവും മൂന്നുതവണ യാത്ര ചെയ്യാനുള്ള ചെലവും കണക്കാക്കിയുള്ള തുക.

 തസ്‌തികയും പദവിയും അനുസരിച്ച്‌ മൂന്നുതരം വൗച്ചര്‍

 12 ശതമാനത്തില്‍ കുറയാത്ത ജി.എസ്.ടിയുള്ള ഉത്‌പന്നങ്ങളോ സേവനങ്ങളോ ഡിജിറ്റല്‍ പണമിടപാടിലൂടെ വാങ്ങാന്‍ വൗച്ചര്‍ ഉപയോഗിക്കാം. റീഇംബേഴ്സ്‌മെന്റിന് ജി.എസ്.ടി ഇന്‍വോയിസ് നിര്‍ബന്ധം.

 എല്‍.ടി.സി വൗച്ചര്‍ പദ്ധതിയുടെ ചെലവ്: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5,675കോടി, പൊതുമേഖലാ ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍: 1,900കോടി.

 സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യമേഖലയിലെയും എല്‍.ടി.സി കാഷ് വൗച്ചറുകള്‍ക്കും നികുതി ഇളവ്.

പദ്ധതി വഴി ലക്ഷ്യമിടുന്ന സാമ്ബത്തിക ഉത്തേജനം: 28,000 കോടി.

പ്രത്യേക ഉത്സവ അഡ്വാന്‍സ്

 ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് റുപേ കാര്‍ഡ് വഴി ചെലവഴിക്കാനുള്ള 10,000 രൂപയുടെ പലിശ രഹിത ഉത്സവ അഡ്വാന്‍സ്. കാര്‍ഡിന്റെ കാലാവധി 2021 മാര്‍ച്ച്‌ 31വരെ. ബാങ്ക് ഇടപാട് നിരക്കുകള്‍ സര്‍ക്കാര്‍ വഹിക്കും. കാര്‍ഡുവഴി പണം പിന്‍വലിക്കാനാകില്ല.

 ഏഴാം ശമ്ബള കമ്മിഷന്‍ ശുപാര്‍ശ പ്രകാരം നിറുത്തലാക്കിയ ഉത്സവ ബത്ത അഡ്വാന്‍സ് ആനുകൂല്യം ഒറ്റത്തവണത്തേക്ക് തിരികെ കൊണ്ടുവരുന്നു.

 ചെലവ്: കേന്ദ്ര സര്‍ക്കാര്‍: 4,​000 കോടി, സംസ്ഥാനങ്ങളുടെ പങ്കും കൂടി ചേര്‍ത്ത് 8,​000 കോടി രൂപ

₹12,000 കോടി വായ്പ

സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് വായ്പാ പരിധി ബാധകമാക്കാതെ12,000 കോടി രൂപയുടെ പലിശരഹിത വായ്‌പ

 2,500 കോടി: എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് (200 കോടി വീതം), 450 കോടി വീതം ഉത്തരാഖണ്ഡിനും ഹിമാചല്‍പ്രദേശിനും

 7500 കോടി മറ്റ് സംസ്ഥാനങ്ങള്‍ക്ക്

 വിതരണം രണ്ട് തവണകളായി. ആദ്യ 50ശതമാനം വിനിയോഗിച്ച ശേഷം അടുത്തഗഡു. രണ്ടുഗഡുക്കളും 2021 മാര്‍ച്ച്‌ 31ന് മുന്‍പ് ചെലവാക്കണം.

 50 വര്‍ഷത്തിന് ശേഷം ഒറ്റയടിക്ക് തിരിച്ചടവ്.

 പണം നടപ്പു പദ്ധതികളില്‍ കരാറുകാര്‍ക്കും വിതരണക്കാര്‍ക്കും നല്‍കാനുപയോഗിക്കാം.

 7,​500 കോടിയില്‍ 2,​000 കോടി ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായ മൂന്ന് പരിഷ്‌കാരങ്ങളെങ്കിലും നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് ഇന്‍സെന്റീവായി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team