ഉത്തേജക പാക്കേജ് ആഹ്ലാദം തന്നില്ല !
ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഉത്തേജ പാക്കേജ് വിപണിയില്‍ വലിയ ആഹ്ലാദം ഉണ്ടാക്കിയില്ല. രാവിലെ മികച്ച തുടക്കം കാണിച്ച വിപണി ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
വിപണി പ്രതീക്ഷിച്ചപോലൊരു പ്രഖ്യാപനമായിരുന്നില്ലെന്നുവേണം കരുതാന്‍.സെന്‍സെക്‌സ് 84.31 പോയ്ന്റ്(0.21 ശതമാനം) ഉയര്‍ന്ന് 40,593.80 ലും നിഫ്റ്റി 16.75 പോയ്ന്റ് ഉയര്‍ന്ന് 11,930.95 ലുമാണ് ക്ലോസ് ചെയ്തത്.
ഐടി, ഫാര്‍മ സെക്ടറുകളൊഴികെ മറ്റെല്ലാം നഷ്ടത്തിലായിരുന്നു.മെറ്റല്‍, ടെലികോം, ഓയ്ല്‍ & ഗ്യാസ്, റിയല്‍റ്റി ഓഹരികളില്‍ വില്‍പ്പന ദൃശ്യമായി. ബിഎസ് സി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.4 ശതമാനം താഴ്ന്നു.
ബ്ലൂചിപ് ഓഹരികളില്‍ ഇന്‍ഫോസിസാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഓഹരി വില 2.93 ശതമാനം ഉയര്‍ന്ന് 1,139.20 രൂപയായി. ഐടിസി, യുപിഎല്‍, സിപ്ല, ഏഷ്യന്‍ പെയ്ന്റ്‌സ്, ഡോ. റെഡ്ഡീസ് ലാബ്‌സ്, വിപ്രോ എന്നീ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.
ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.