ഉന്നത മൂല്യമുള്ള ഇടപാടുകൾക്ക് എൽഇഐ നമ്പർ നിർബന്ധം; എന്താണ് എൽഇഐ?  

കൊച്ചി: 50 കോടി രൂപയോ അതിന് മുകളിലോ ഉള്ള പണമിടപാടുകള്‍ക്ക് എല്‍ഇഐ അഥവാ ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍ നമ്പര്‍ റിസർവ് ബാങ്ക് നിര്‍ബന്ധമാക്കി. റിസർവ് ബാങ്കിന്റെ കേന്ദ്രീകൃത പേയ്‌മെന്റ് സംവിധാനങ്ങളായ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) എന്നിവ വഴി നടത്തുന്ന 50 കോടി രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് എല്‍ഇഐ നമ്പർ നിർബന്ധമാകുക. ഏപ്രില്‍ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും.

വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്കിടയില്‍ കൈമാറുന്ന 20 അക്ക സുരക്ഷാ നമ്പറാണ് ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍. ആഗോള തലത്തിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് നല്‍കുന്ന നമ്പറാണിത്. ആർ‌ടി‌ജി‌എസ്, നെഫ്റ്റ് എന്നിവയിലൂടെ 50 കോടി രൂപയും അതിനുമുകളിലുള്ളതുമായ എല്ലാ ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷമാണ് വലിയ പണകൈമാറ്റത്തിന് ഈ 20 അക്ക നമ്പര്‍ അന്തര്‍ദേശീയ തലത്തില്‍ നിര്‍ബന്ധമാക്കിയത്. 50 കോടി രൂപയ്ക്ക് മുകളില്‍ പണിമിടപാട് നടത്തുന്നവര്‍ ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്ന് എല്‍ഇഐ നമ്പര്‍ സ്വീകരിച്ചിരിക്കണം. വലിയ സാമ്പത്തിക ഇടപാടുകള്‍ ട്രാക്ക് ചെയ്യാന്‍ ഈ നമ്പർ വഴി ബാങ്കുകള്‍ക്കും കേന്ദ്ര ബാങ്കിനും കഴിയും. ഗ്ലോബല്‍ ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍ ഫൗണ്ടേഷൻ (ജി‌എൽ‌ഐ‌എഫ്) ആണ് അതാത് രാജ്യങ്ങളിലെ അംഗീകൃത എല്‍ ഇ ഐ ഏജന്‍സികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നത്.

ഇന്ത്യയില്‍ ആര്‍ബിഐ അംഗീകാരമുളള ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍ ഇന്ത്യ ലിമിറ്റഡ് (എൽഇഐഎൽ) ആണ് ഈ 20 അക്ക സുരക്ഷാ നമ്പര്‍ നല്‍കുന്നത്. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ്, 2007 പ്രകാരമാണ് എൽഇഐഎൽ പ്രവർത്തിക്കുന്നത്. അതേസമയം എല്ലാ പേയ്‌മെന്റ് ഇടപാടുകളിലും എൽഇഐ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആർബിഐ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team