ഉയരങ്ങൾ കീഴടക്കി സ്‌മോൾ, മിഡ്, ക്യാപ് ഓഹരികൾ  

ഇന്ത്യൻ ഓഹരി വിപണി സൂചികകള്‍ റെക്കോര്‍ഡ് ഉയരങ്ങള്‍ കീഴടക്കുമ്പോഴും പല നിരീക്ഷകരും ശ്രദ്ധിച്ചിരുന്നത് മിഡ് ക്യാപ് സ്‌റ്റോക്കുകളുടെ പ്രകടനം എങ്ങനെ ആകും എന്നായിരുന്നു. കാരണം കുറെ വര്‍ഷങ്ങളായി മിഡ്ക്യാപ് ഷെയറുകള്‍ പല വിധ പ്രതിസന്ധികളെ ആണ് അഭിമുഖീകരിച്ചിരുന്നത്.
മൂന്ന് വര്‍ഷത്തെ മോശം അല്ലെങ്കില്‍ ശരാശരി പ്രകടനത്തിന് ശേഷം നിഫ്റ്റി മിഡ്കാപ്പ് 100 സൂചിക ജനുവരി 7, 2021 വ്യാഴാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത് തങ്ങളുടെ റെക്കോര്‍ഡ് ഉയര്‍ച്ചയിലായിരുന്നു. സൂചിക 1.45 ശതമാനം ഉയര്‍ന്ന് 21,964.55ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി മിഡ്കാപ്പ് 100 സൂചിക 2018ലാണ് തങ്ങളുടെ റെക്കോര്‍ഡ് നിലവാരമായ 21,731.80 പോയന്റില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ സെബിയുടെ മാര്‍ക്കറ്റ് ക്യാപ് തരംതിരിവിനെ തുടര്‍ന്ന് മിഡ്കാപ്പ് ഓഹരികള്‍ക്ക് വില ഇടിയുന്ന കാഴ്ചയാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ദൃശ്യമായത്.ഉയര്‍ന്ന പണലഭ്യത, പുതിയ നിക്ഷേപകരുടെ ഗണ്യമായ വര്‍ദ്ധന, സാമ്പത്തിക രംഗത്തെ തിരിച്ചുവരവിന്റെ use ലക്ഷണങ്ങള്‍ എന്നിവയാണ് പ്രധാനമായും മിഡ്ക്യാപ് ഓഹരികളിലെ ഉയര്‍ച്ചക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിഫ്റ്റി മിഡ്കാപ്പ് 100, സ്മാള്‍കാപ്പ് 100 സൂചികകളാണ് 2010നു മുതല്‍ ഈ സാമ്പത്തിക വര്‍ഷം വരെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയതെന്നത് ശ്രദ്ധേയമാണ്.നിഫ്റ്റി മിഡ്കാപ്പ് 100 87.7 ശതമാനം നേട്ടം നല്‍കിയപ്പോള്‍ നിഫ്റ്റി സ്മാള്‍കാപ്പ് 100 നല്‍കിയത് 105.8 ശതമാനം വളര്‍ച്ചയാണ്. എന്നാല്‍ ഇതേ കാലയളവില്‍ ബെഞ്ച്മാര്‍ക്ക് നിഫ്റ്റി നല്‍കിയത് 64.4 ശതമാനം നേട്ടമായിരുന്നു.ഓരോ പാദത്തിലെയും സ്ഥിരമായ വരുമാന വര്‍ദ്ധനവ്, കുറഞ്ഞ മൂല്യനിര്‍ണ്ണയം, സാമ്പത്തിക രംഗത്തെ തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ എന്നിവയാണ് ഈ മേഖലയിലുള്ള സ്‌റ്റോക്കുകളില്‍ നിക്ഷേപകര്‍ വീണ്ടും തങ്ങളുടെ ശ്രദ്ധ കേന്ദ്രികരിക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാല്‍ തുടര്‍ന്നുള്ള നാളുകള്‍ ഈ മേഖലയിലെ ഷെയറുകള്‍ക്ക് നിര്‍ണായകമാണെന്നു ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതില്‍ പ്രധാനമാണ് അടുത്ത മാസം അവതരിപ്പിക്കപ്പെടുന്ന കേന്ദ്ര ബഡ്ജറ്റ്.ധനമന്ത്രിയുടെ ബഡ്ജറ്റ് നിര്‍ദേശങ്ങള്‍ അനുകൂലമാണെങ്കില്‍ അത് മിഡ്, സ്മാള്‍ ക്യാപ്പുകളുടെ തുടര്‍ന്നുള്ള ഉയര്‍ച്ചക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. അത് പോലെ നിര്‍ണായകമാകുന്ന മറ്റൊന്നാണ് മൂന്നും നാലും പാദത്തിലെ കമ്പനികളുടെ സാമ്പത്തിക ഫല റിപ്പേ്ാര്‍ട്ടുകള്‍.
ചില മിഡ്കാപ്പ് സ്‌റ്റോക്കുകള്‍ ഇതിനോടകം തന്നെ നല്ല ഉയര്‍ച്ചയിലെത്തിയെന്നാണ് ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏതാണ്ട് മെയ് മാസത്തോടെ രണ്ടു പാദത്തിലെയും കണക്കുകള്‍ വരുന്നതിനെ ആശ്രയിച്ചായിരിക്കും ഈ സ്‌റ്റോക്കുകളുടെ തുടര്‍ന്നുള്ള പുരോഗതി എന്നവര്‍ പറയുന്നു.കൂടാതെ ഇപ്പോഴത്തെ ബുള്‍ റണ്ണില്‍ ചില നിക്ഷേപകര്‍ കൂടുതല്‍ റിസ്‌ക് എടുക്കാന്‍ താല്പര്യം കാണിച്ചതും മിഡ്കാപ്പ്, സ്മാള്‍കാപ്പ് വിഭാഗത്തിലുള്ള ഓഹരികള്‍ക്ക് സഹായകരമായി.
എന്നാല്‍ സ്മാള്‍കാപ്പ്കള്‍ക്ക് കുറെ കൂടി സാദ്ധ്യതകള്‍ ഈ ബുള്ളിഷ് റണ്‍ തുടര്‍ന്നാല്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. നിഫ്റ്റി സ്മാള്‍കാപ്പ് 100 അവരുടെ എക്കാലത്തെയും റെക്കോര്‍ഡ് സൂചികയേക്കാള്‍ 22.8 ശതമാനം കുറഞ്ഞ നിലയിലാണ് ഇപ്പോഴും.മിഡ്ക്യാപ് റാലി ഇനിയും തുടര്‍ന്നാല്‍ അത് സ്മാള്‍ക്യാപ് ഓഹരികളെയും തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team