എജിആര്‍ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതോടെ മൊബൈല്‍ താരിഫില്‍ ചുരുങ്ങിയത് 10 ശതമാനം വര്‍ധന ഉറപ്പായി!  

ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവയ്ക്ക് എജിആര്‍ കുടിശ്ശികയിനത്തില്‍ അടുത്ത ഏഴുമാസത്തിനുള്ളില്‍ 10ശതമാനംതുക തിരിച്ചടയ്‌ക്കേണ്ടിവരുന്നതിനാലാണിത്.

2021 മാര്‍ച്ച് 31നകം ടെലികോം ഓപ്പറേറ്റര്‍മാര്‍ കുടിശ്ശികയില്‍ 10ശതമാനം തിരിച്ചടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ബാക്കിയുള്ളതുക 10 തവണകളായാണ് അടച്ചുതീര്‍ക്കേണ്ടത്. അതിന് 10വര്‍ഷത്തെ സാവകാശമാണ് നല്‍കിയിട്ടുള്ളത്.

ഇതോടെ 2021 മാര്‍ച്ചില്‍ ഭാരതി എയര്‍ടെല്‍ 2,600 കോടി രൂപയും വോഡാഫോണ്‍ ഐഡിയ 5,000 കോടി രൂപയുമാണ് നല്‍കേണ്ടിവരിക. നിലവില്‍ ഒരു ഉപഭോക്താവില്‍നിന്നുലഭിക്കുന്ന ശരാശരി വരുമാനംവെച്ച് ഈ കുടിശ്ശിക തീര്‍ക്കാന്‍ കമ്പനികള്‍ക്കാവില്ല.

ഭാരതി എയര്‍ടെല്ലിന് 10ശതമാനവും വോഡഫോണ്‍ ഐഡിയയ്ക്ക് 27ശതമാനവും നിരക്ക് വര്‍ധിപ്പിച്ചാല്‍മാത്രമെ തിരിച്ചടയ്ക്കാന്‍ കഴിയൂ എന്നാണ് വിലയിരുത്തല്‍. നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ ഒരു ഉപഭോക്താവില്‍നിന്ന് എയര്‍ടെലിന് ലഭിച്ചവരുമാനം 157 രൂപയാണ്. വോഡാഫോണ്‍ ഐഡിയയ്ക്കാകട്ടെ 114 രൂപയും.

നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2019 ഡിസംബറിലാണ് കമ്പനികള്‍ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകളില്‍ 40ശതമാനത്തോളം വര്‍ധനവരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team