എയര്‍ടെല്ലിന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം.
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എയര്‍ടെല്ലിന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം. എയര്‍ടെല്‍ നല്‍കിയ ബാങ്ക് ഗ്യാരണ്ടി മൂന്നാഴ്ചത്തേക്ക് പണമാക്കി മാറ്റരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചു.വിഡിയോകോണുമായി ബന്ധപ്പെട്ട എ.ജി.ആര്‍ കുടിശികയിലാണ് എയര്‍ടെല്ലിന് ആശ്വാസം.2016ല്‍ വിഡിയോകോണിന്‍റെ ഉടമസ്ഥതയിലുള്ള 4,428 കോടി രൂപയുടെ സ്പക്ട്രം എയര്‍ടെല്‍ വാങ്ങിയിരുന്നു. ബിഹാര്‍, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്പെക്ട്രമാണ് വാങ്ങിയത്. ഇടപാടിനെ തുടര്‍ന്ന് 1,376 കോടി രൂപ വിഡിയോകോണ്‍ എ.ജി.ആറായി നല്‍കി. ഇടപാടിന് ശേഷം ബാക്കിയുള്ള പണം എയര്‍ടെല്ലില്‍ നിന്ന് ഈടാക്കാന്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം തീരുമാനമെടുക്കുകയും ചെയ്തിരുന്നു.എന്നാല്‍, പണം വിഡിയോകോണില്‍ നിന്നാണ് ഈടാക്കേണ്ടതെന്നും തങ്ങള്‍ക്ക് ഇതില്‍ ബന്ധമില്ലെന്നുമായിരുന്നു എയര്‍ടെല്‍ വാദം. അതേസമയം, നിലവില്‍ ഇതുമായി ബന്ധപ്പെട്ട വിധിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എങ്കിലും എല്‍.നാഗേശ്വര റാവു, എസ്.അബ്ദുള്‍ നസീര്‍, എം.ആര്‍.ഷാ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ച് എയര്‍ടെല്ലിന്‍റെ ബാങ്ക് ഗ്യാരണ്ടി പണമാക്കുന്നതിന് മൂന്നാഴ്ചത്തെ വിലക്ക് കല്‍പ്പിക്കുകയായിരുന്നു.