എയര്‍ടെൽ ടെലികോം നിരക്കുകൾ ഇനി ഉയർച്ചയിലേക്ക്
വരുന്നു ടെലികോം നിരക്ക് വര്‍ധന. എയര്‍ടെൽ ടെലികോം നിരക്കുകൾ കുത്തനെ ഉയരുന്നു. അടുത്ത ആറു മാസത്തിനുള്ളിൽ നിരക്ക് വര്‍ധനയുടെ സൂചന നൽകിയിരിക്കുകയാണ് എയര്‍ടെൽ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഗോപാൽ വിത്തൽ വ്യക്തമാക്കി. 16 ജിബി ഡാറ്റ 160 രൂപയ്ക്ക് ഒരു മാസത്തേയ്ക്ക് ലഭ്യമാക്കുന്നത് ലാഭകരമല്ലെന്നാണ് വാദം.
അതേസമയം നിരക്കു വര്‍ധന എന്നു മുതൽ ആണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 രൂപയ്ക്കും 300 രൂപയ്ക്കും ഇടയിൽ നിര്‍ത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷം മുമ്പ് 128 രൂപയായിരുന്നു ഇത് എങ്കിൽ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങളിൽ 167 രൂപയായി വരുമാനം ഉയര്‍ന്നിട്ടുണ്ട്.
ഗുണമേൻമയുള്ള 4ജി സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത് തുടരും. എയര്‍ടെലിൻെറ 4ജി ഉപഭോക്താക്കളുടെ എണ്ണം വര്‍ധിയ്ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 15.27 കോടി 4ജി ഉപഭോക്താക്കളാണ് അധികമായി ലഭിച്ചത്. മുൻ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ 48 ശതമാനം വര്‍ധനയാണ് 4ജി ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉള്ളത്.
എയര്‍ടെലിനെ കൂടാതെ വോഡഫോൺ ഐഡിയയും നിരക്ക് വര്‍ധന സൂചിപ്പിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് രംഗത്ത് എത്തിയിരുന്നു. ഡിസംബറിൽ ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ ഉയര്‍ത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ഡാറ്റ ഉപഭോഗവും മൊബൈൽ കോളുകളും വര്‍ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടെയാണ് ടെലികോം കമ്പനികൾ നിരക്ക് വര്‍ധനയ്ക്ക് തയ്യാറെടുക്കുന്നത്.