ഏഴാം ക്ലാസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് മതപഠന രംഗത്തേക്ക്; ഇന്ന് ഡോക്ടറേറ്റ് നേടി സഹകരണ ബാങ്ക് സെക്രട്ടറി ഡോ. കെ.ടി. ഷബീര്‍!
ത്രിച്ചിയിലെ സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും തുടര്‍ന്ന് പി.എച്ച്.ഡിയും കരസ്തമാക്കി തിരുവമ്പാടി സ്വദേശിയും നെല്ലിക്കാപറമ്പ് അഗ്രി.കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറിയുമായ കെ. എം. ഷബീര്‍ കേരള സഹകരണ മേഖലക്കു തന്നെ അഭിമാനമായി മാറി. കേരള സഹകരണ മേഖലയിലെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറേറ്റ് നേടിയ ഏക സെക്രട്ടറിയായി മാറുകയാണ് ഷബീര്‍. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത സഹകരണ ബാങ്കുകളുടെ സാമ്പത്തിക മാനേജ്‌മെന്റിനെക്കുറിച്ചുള്ള ഒരു പഠനമാണ് ഡോ. കെ.ടി. ഷബീര്‍ ഗവേഷണത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നത് ഏറെ ശ്രദ്ദേയമാണ്.
കാര്‍ഷിക രംഗത്തെ ഏറെ ഇഷ്ട്ടപ്പെടുന്ന ഷബീര്‍ ഗവേഷണത്തിനിടയിലും കാര്‍ഷിക വൃത്തിയെ കൈവിടാതെ സൂക്ഷിച്ചിരുന്നു. കൂടാതെ സ്വന്തം നാട്ടിലെ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യം കൂടിയാണ് അദ്ദേഹം. തിരുവമ്പാടിയിലെ കുന്നത്തൊടി മൊയ്തീന്റെയും പരേത നഫീസയുടെയും മകനാണ് കെ.ടി.ഷബീര്‍.
തന്റെ സഹകരണ ബാങ്കിന് ഗവേഷണത്തിന്റെ ഫലം നല്‍കുന്ന രീതില്‍ പ്രവര്‍ത്തിക്കാനാണ് ഷബീറിന്റെ ഇനിയുള്ള ശ്രമം. ഒപ്പം സഹകരണ മേഖലക്ക് തന്നെ തന്റെ ഗവേഷണം കൊണ്ട് ആവുന്നത് ചെയ്യണമന്ന ആഗ്രഹവുമുണ്ട്. കൂടാതെ പാതിവഴിയില്‍ പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ടെന്നും തന്നാലാവുന്ന രീതിയില്‍ അവര്‍ക്കൊക്കെ പ്രചോദനവും സഹായവുമാവണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം ബൂം ടൈംസിനോട് പറഞ്ഞു.
തിരുവമ്പാടി സേക്രട്ട് സ്‌കൂളില്‍ നിന്നും ഏഴാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തുകയും ശേഷം മതപഠനരംഗത്തേക്ക് പ്രവേഷിക്കുകയും ചെയ്തു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പള്ളി ദര്‍സിലെ ഉസ്താദിന്റെ പ്രേരണ പ്രകാരം എസ്.എസ്.എല്‍.സി പരീക്ഷ എഴുതി വിജയിക്കുകയും തുടര്‍ന്ന് പ്ലസ്റ്റുവും, കാലികറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രിയും, ശേഷം പി ജി. യും പൂര്‍ത്തീകരിച്ചു.കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എഡും, ത്രിച്ചിയിലുള്ള ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഫിലും കരസ്ഥമാക്കിയിട്ടുണ്ട് ഷബീര്‍.
ഗവേഷണത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ തന്റെ ഉപ്പ കെ.ടി. മൊയ്തീന്‍, ജ്യേഷ്ഠ സഹോദരന്‍ കെ.ടി. സലീം, ഭാര്യ റാഷിദ, തന്റെ ബാങ്ക് ഡയറക്ടര്‍മാര്‍, അധ്യാപകര്‍, ഒപ്പം ഗവേഷകരായിരുന്ന സുഹൃത്തുക്കള്‍, മറ്റു സൃഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരോടെല്ലാം ഉള്ള കടപ്പാട് ഡോ. കെ.ടി. ഷബീര്‍ ബൂം ടൈംസിനോട് പങ്കുവെച്ചു. മുഹമ്മദ് ഫൈനാന്‍, ഫെല്ല നഫീസ എന്ന രണ്ട് പേരാണ് മക്കള്‍.