ഏഷ്യയിലെ മികച്ച വിപണിയെന്ന വിശ്വാസം കൈപിടിയില്‍ ഒതുക്കി ബോംബെ സെന്‍സെക്‌സും നിഫ്‌റ്റിയും.
കൊച്ചി: നിക്ഷേപകരുടെ ആത്‌മവിശ്വാസം കൈമുതലാക്കി ഏഷ്യയിലെ മികച്ച വിപണിയെന്ന വിശ്വാസം കൈപിടിയില്‍ ഒതുക്കി ബോംബെ സെന്‍സെക്‌സും നിഫ്‌റ്റിയും.ഒരിക്കല്‍ കൂടി ചരിത്ര നേട്ടം സ്വന്തമാക്കിയ ആവേശത്തിലാണ് ഇന്ത്യന്‍ വിപണി. ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങളുടെ സജീവ സാന്നിധ്യം റെക്കോര്‍ഡ് കുതിപ്പിന് വേഗത പകര്‍ന്നു. സെന്‍സെക്‌സ് 1032 പോയിന്‍റ്റും നിഫ്‌റ്റി 268 പോയിന്‍റ്റും പ്രതിവാര മികവിലാണ്.
ഇന്ത്യന്‍ മാര്‍ക്കറ്റ് തുടര്‍ച്ചയായ അഞ്ചാം വാരവും ബുള്‍ റാലിയില്‍ കുതിച്ചത് പുതിയ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ പ്രദേശിക നിക്ഷേപകരെ പ്രേരിപ്പിച്ചു. ടെക്‌നോളജി, ഓയില്‍ ആന്‍റ് ഗ്യാസ് വിഭാഗം ഓഹരികളില്‍ നിറഞ്ഞു നിന്ന് വാങ്ങല്‍ താല്‍പര്യം കുതിച്ചു ചാട്ടത്തിന് ഇരട്ടിവേഗത നല്‍കി. ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും വാരാന്ത്യം നഷ്‌ടത്തിലായിരുന്നു. ചൈനീസ് മാര്‍ക്കറ്റായ ഷാങ്‌ഹായ്‌ക്ക് നേരിട്ട തിരിച്ചടി മറ്റ് വിപണികളിലേയ്‌ക്കും വ്യാപിച്ചു. റിയല്‍ എസ്‌റ്റേറ്‌ഓഹരിയായ എവര്‍ ഗ്രാന്‍ഡെ ഓഹരിക്ക് നേരിട്ട തകര്‍ച്ച പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് ചൈന.
സാമ്ബത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട എവര്‍ ഗ്രാന്‍ഡെ താല്‍ക്കാലികമായി കടപത്രത്തിന്‍റെ പലിശ അടച്ചത് വാരാവസാനം തകര്‍ച്ചയുടെ ആക്കം കുറച്ചു. രണ്ട് ബോണ്ടുകളിലായി ഏകദേശം 13 കോടി ഡോളര്‍ പലിശ ഇനത്തില്‍ മാത്രം അവര്‍ വീഴച് വരുത്തി. ചൈനയില്‍ നിന്ന് അടിക്കടി ഉയരുന്ന പ്രതികൂല വാര്‍ത്തകള്‍ വിദേശ ഫണ്ടുകളെ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് പ്രേരിപ്പിക്കുമെന്ന പ്രതീക്ഷകള്‍ക്ക് തിളക്കമേറി. രാജ്യാന്തര ഫണ്ട് മാനേജര്‍മാരുടെ പ്രിയപ്പെട്ട വിപണിയായി ഇന്ത്യ മാറിയാല്‍ ഓഹരി സൂചിക വര്‍ഷാന്ത്യം കൂടുതല്‍ തിളങ്ങും.
ബോംബെ ഓഹരി സൂചിക മുന്‍വാരത്തിലെ 59,015 ല്‍ നിന്ന് ഓപ്പണിങ് ദിനത്തിലെ പ്രോഫിറ്റ് ബുക്കിങില്‍ 58,308 വരെ താഴ്‌ന്നത് ബള്‍ക്ക് ബെയ്യിങിന് ഫണ്ടുകള്‍ രംഗത്തു വരുന്നതിന് ഇടയാക്കി. ബ്ലൂചിപ്പ് ഓഹരികളിലെ വാങ്ങല്‍ താല്‍പര്യം കനത്തതോടെ വാരാന്ത്യം സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 60,000 പോയിന്‍റിലേയ്‌ക്ക് പ്രവേശിച്ചു.
വിപണിയുടെ അടിഒഴുക്കില്‍ സെന്‍സെക്‌സ് 60,333 പോയിന്‍റ് വരെ മുന്നേറി റെക്കോര്‍ഡ് സ്ഥാപിച്ച ശേഷം ക്ലോസിങില്‍ 60,048 ലാണ്. ഈവാരം സൂചികയ്‌ക്ക് 60,818 ല്‍ ആദ്യ പ്രതിരോധം തെളിയുന്നു, ഇത് മറികടന്നാല്‍ 61,588 പോയിന്‍റ് വരെ സഞ്ചരിക്കാമെങ്കിലും ഉയര്‍ന്ന റേഞ്ചിലെ ലാഭമെടുപ്പ് വില്‍പ്പന സമ്മര്‍ദ്ദമായാല്‍ 58,793 ലും 57,538 ലും താങ്ങ് പ്രതീക്ഷിക്കാം.
നിഫ്‌റ്റി 17,585 ല്‍ നിന്ന് വാരാരംഭ ദിനത്തില്‍ 16,350 ലേയ്‌ക്ക് സാങ്കേതിക തിരുത്തല്‍ കാഴ്‌ച്ചവെച്ച് പിന്നീട് വര്‍ധിച്ച വീര്യത്തോടെ മുന്നേറി 17,947 വരെയെത്തി. 18,000 കടത്തിവിടാന്‍ ഫണ്ടുകള്‍ പിന്നിട്ടവാരം താല്‍പര്യം കാണിക്കാതെ ഉയര്‍ന്ന റേഞ്ചില്‍ നടത്തിയ ലാഭമെടുപ്പും പുതിയ ഷോട്ട് പൊസിഷനുകളും ക്ലോസിങില്‍ സുചികയെ 17,853 ലേയ്‌ക്ക് തളര്‍ത്തി.
ഡെയ്‌ലി ചാര്‍ട്ട് വിലയിരുത്തിയാല്‍ സാങ്കേതികമായി വിപണി ബുള്ളിഷ് മൂഡിലാണെങ്കിലും 18,083ല്‍ താല്‍ക്കാലികമായി പ്രതിരോധം രൂപപെടുന്നുണ്ട്. വീണ്ടും തിരുത്തലിന് മുതിര്‍ന്നാല്‍ 17,486 ല്‍ സപ്പോര്‍ട്ടുണ്ട്. മുന്‍ നിര ഓഹരികളില്‍ നിറഞ്ഞു നിന്ന് വാങ്ങല്‍ താല്‍പര്യത്തില്‍ ഇന്‍ഫോസിസ്, ടി.സി.എസ്, എച്ച്.സി.എല്‍, എച്ച്.ഡി.എഫ്.സി, എച്ച്‌ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എയര്‍ടെല്‍, ഐ.ടി.സി, എച്ച്.യു.എല്‍,എം ആന്‍റ് എം തുടങ്ങിയവയുടെ നിരക്ക് ഉയര്‍ന്നു.
അതേ സമയം ഓപ്പറേറ്റര്‍മാരുടെ ലാഭമെടുപ്പില്‍ എസ്.ബി.ഐ, ബജാജ് ഓട്ടോ, മാരുതി, ഡോ:റെഡീസ്, സണ്‍ ഫാര്‍മ്മ, ടാറ്റാ സ്‌റ്റീല്‍ തുടങ്ങിയവയ്‌ക്ക് തിരിച്ചടി നേരിട്ടു. വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ കുറവ് സംഭവിച്ചു. രൂപ 73.48 ല്‍ നിന്ന് 73.69 ലേയ്‌ക്ക് തളര്‍ന്നു. യു.എസ് ഫെഡ് റിസര്‍വ് അമേരിക്കന്‍ സാമ്ബത്തിക മേഖലയ്‌ക്ക് ഊര്‍ജം പകരാനുള്ള ശ്രമം തുടരുമെന്ന വെളിപ്പെടുതല്‍ ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിന് കരുത്ത് സമ്മാനിച്ചു.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ കഴിഞ്ഞവാരം 8.38 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. അതേ സമയം ആഭ്യന്തര ഫണ്ടുകള്‍ 3048.3 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സെപ്റ്റംബര്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ ഇതിനകം 7137.72 കോടി രൂപയുടെ നിക്ഷേപിച്ചു, ആഭ്യന്തര ഫണ്ടുകള്‍ ഈ മാസം 1030.37 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.