ഐമാക്ക് മുതല്‍ ഐഫോണ്‍ വരെ… സൂപ്പര്‍ സ്റ്റാര്‍ ഡിസൈനര്‍ ജോണി ഐവും പടിയിറങ്ങി
ഐമാക്ക് മുതല്‍ ഐഫോണ്‍ വരെയുള്ള ഉപകരണങ്ങളുടെ ഡിസൈനും പ്രവര്‍ത്തന മികവും കൊണ്ടാണ് ആപ്പിള്‍ ടെക് പ്രേമികളുടെ ഹൃദയം കീഴടക്കിയ്ത്. ഇവയുടെയെല്ലാം ഡിസൈനിനു പിന്നില്‍ ജോണി ഐവ് (Jony Ive) ഉണ്ടായിരുന്നു. ഏകദേശം 30 വര്‍ഷത്തെ സേവനത്തിനു ശേഷം അദ്ദേഹം കമ്പനിയില്‍ നിന്ന് രാജിവച്ചു. ആപ്പിളിനെ ആപ്പിളാക്കിയ ഡിസൈനര്‍ എന്നു വേണമെങ്കില്‍ അദ്ദേഹത്തെക്കുറിച്ചു പറയാം. കമ്പനിയുടെ രഹസ്യാത്മകതയും, സാങ്കേതികത്തികവും അടക്കം പലതും ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റേത് ആയിരുന്നുവെങ്കിലും ഡിസൈനിലെ കാര്യത്തിൽ ഒരുവലിയ പങ്ക് ഐവിന്റെ കൈപ്പുണ്യമായിരുന്നു.
സ്വന്തം കമ്പനിയുണ്ടാക്കാനാണ് അദ്ദേഹം രാജി വച്ചത്. ആപ്പിളടക്കമുള്ള കമ്പനികള്‍ ഇനിയും അദ്ദേഹത്തിന്റെ സേവനം തേടുമെന്നാണ് അറിയുന്നത്. പക്ഷേ, ഇനി അദ്ദേഹം ആപ്പിളിനു മാത്രം സ്വന്തമല്ല. അടുത്തിറങ്ങാനിരിക്കുന്ന കുറെ പ്രൊഡക്ടുകളുടെ കാര്യത്തില്‍ ആപ്പിളിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കംപ്യൂട്ടിങ്ങില്‍ പുതിയ പാത വെട്ടിത്തുറന്ന ഐമാക് (iMac) മുതല്‍ ഫോണ്‍ നിര്‍മാണത്തില്‍ തനതു യുഗം തുടങ്ങിയ ഐഫോണ്‍ വരെയുള്ള ഉപകരണങ്ങളില്‍ പതിഞ്ഞു കിടക്കുന്ന അദ്ദേഹത്തിന്റെ നിര്‍മാണപാടവത്തെ കമ്പനിയുടെ മേധാവി ടിം കുക്കും പലപ്പോഴും വാഴ്ത്താറുണ്ട്.
ആപ്പിള്‍ പാര്‍ക്ക് എന്ന കെട്ടിടത്തിന്റെ നിര്‍മാണത്തിനു പിന്നിലും ഈ ഡിസൈന്‍ മഹാരാജാവിന്റെ തലയാണ്. ആപ്പിളിനുള്ളിലെ അതി സമര്‍ഥരായ ഡിസൈന്‍ ടീമിനെ വാര്‍ത്തെടുത്തത് ഐവ് ആണ്. അദ്ദേഹത്തോടൊപ്പം ഇനിയും ആപ്പിളിന്റെ ടീം പ്രവര്‍ത്തിക്കുമെന്നും കുക്ക് പറയുന്നുണ്ട്.