ഒന്നിലേറെ നിലകളുള്ള തുണിക്കടകള്‍ തുറക്കാം; ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം; കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നിലേറെ നിലകളുള്ള തുണിക്കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. മൊത്തവ്യാപാരികളായ തുണികച്ചവക്കാര്‍ക്കും ഇളവ് ബാധകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതെസമയം കടകള്‍ തുറന്നതോടെ പല കടകളിലും ചെറിയ കുട്ടികളേയും കൊണ്ട് ഷോപ്പിംഗിന് പോകുന്നതായി കണ്ടു. പത്ത് വയസിന് താഴെയുള്ള കുട്ടികളേയും കൊണ്ട് പുറത്തു പോകുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റോഡരികില്‍ തട്ടുകടകള്‍ തുടങ്ങിയിട്ടുണ്ട്. അവയില്‍ ചിലയിടത്ത് ആളുകള്‍ നിന്ന് ഭക്ഷണം കഴിക്കുന്നതായി അറിഞ്ഞു. ഇതു അംഗീകരിക്കാനാവില്ല. പാഴ്‌സല്‍ സൗകര്യം മാത്രമേ ഭക്ഷണശാലകള്‍ക്ക് അനുവദിച്ചിട്ടുള്ളൂ. ചില സ്വകാര്യ ട്യൂഷന്‍ സെന്റ്‌റുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമേ ട്യൂഷന്‍ സെന്ററും ആരംഭിക്കാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇളവ് വന്നതോടെ ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുന്ന നിലയുണ്ട്. അതിനെ നിയന്ത്രിക്കും.പരീക്ഷകള്‍ക്ക് വേണ്ട തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ ബസ് സൗകര്യം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.