ഒറ്റ ചാര്‍ജില്‍ 800 കി.മീ ഓടാം, വില വെറും 3.47 ലക്ഷം! പെട്രോള്‍ കാറുകളുടെ അന്തകന്‍ വരുന്നു
പെട്രോളിന്റെയും ഡീസലിന്റെയും വില വലിയ മാറ്റമില്ലാതെ തുടരുന്നതിനാല്‍ എല്ലാവരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുകയാണ്. ബജറ്റ് വിലയും പ്രായോഗികതയും നോക്കുന്നവര്‍ക്ക് പറ്റിയ ഒരു കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ഇപ്പോള്‍ വിദേശ വിപണിയില്‍ എത്തിയിട്ടുണ്ട്. മൈക്രോ-ഇവി സെഗ്മെന്റില്‍ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബെസ്റ്റ്യൂണ്‍ ബ്രാന്‍ഡിന് കീഴില്‍ ഫസ്റ്റ് ഓട്ടോ വര്‍ക്ക്സ് (FAW) ആണ് ഷിയോമ എന്ന പേരില്‍ കോംപാക്റ്റ് ഇലക്ട്രിക് ഹാച്ച്ബാക്ക് പുറത്തിറക്കിയത്.ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഷാങ്ഹായ് ഓട്ടോ ഷോയിലാണ് FAW ബെസ്റ്റിയൂണ്‍ ഷിയോമ അവതരിപ്പിച്ചത്. ഹാര്‍ഡ്ടോപ്പ്, കണ്‍വെര്‍ട്ടിബിള്‍ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഹാര്‍ഡ്ടോപ്പ് മോഡല്‍ മാത്രമേ നിലവില്‍ ലഭ്യമായിട്ടുള്ളൂ.
കണ്‍വേര്‍ട്ടിബിള്‍ പതിപ്പ് പിന്നീട് അവതരിപ്പിക്കുമോ എന്ന് ഉറപ്പില്ല. ചോയ്സ് നല്‍കിയാല്‍ കൂടുതല്‍ ആളുകള്‍ കണ്‍വേര്‍ട്ടിബിള്‍ വേരിയന്റായിരിക്കും തിരഞ്ഞെടുക്കുന്നത്.ഹാര്‍ഡ്ടോപ്പ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ ക്യൂട്ടായി കാണപ്പെടുന്നുവെന്നതിനാലാണിത്. ഈ മാസം മുതല്‍ മൈക്രോ ഇവിയുടെ പ്രീ സെയില്‍സ് ആരംഭിക്കും. ചൈനയിലെ മൈക്രോ കാര്‍ സെഗ്‌മെന്റിലെ രാജാവായ വൂളിംഗ് ഹോംഗ്വാങ് മിനി ഇവിയുടെ എതിരാളിയായാണ് ഷിയോമ രംഗപ്രവേശനം ചെയ്യുന്നത്. ഷിയോമക്ക് 30,000 മുതല്‍ 50,000 യുവാന്‍ (ഏകദേശം 3.47 ലക്ഷം മുതല്‍ 5.78 ലക്ഷം രൂപ വരെ) ആണ് വിലയിട്ടിരിക്കുന്നത്.
3,000 mm നീളവും 1,510 mm വീതിയും 1,630 mm ഉയരവുമാണ് ഈ 3 ഡോര്‍ ഇവിക്കുള്ളത്. 1,953 mm ആണ് വീല്‍ബേസ് അളവ്.ഷിയോമ ഇവിയുടെ ഡിസൈനിലേക്ക് വന്നാല്‍ ഇതിന് ഒരു ബോക്സി പ്രൊഫൈലാണുള്ളത്. ആനിമേഷന്‍ സിനിമയില്‍ കാണപ്പെടുന്ന തരത്തില്‍ ഒരു ഡ്യുവല്‍-ടോണ്‍ കളറില്‍ ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നു. റൗണ്ടഡ് എഡ്ജുകളോട് കൂടിയ വലിയ സ്‌ക്വയര്‍ ഹെഡ്ലാമ്പുകളാണ് ഇതിന് ലഭിക്കുന്നത്.മുന്‍വശത്തിന് സമാനമായാണ് പിന്‍ഭാഗത്തെ ടെയില്‍ ലൈറ്റും ബമ്പറും. റേഞ്ച് കൂട്ടുന്നതിനായി എയറോഡൈനാമിക് വീലുകളായി ഷിയോമയില്‍ നല്‍കിയിരിക്കുന്നത്. ഫ്‌ലാറ്റ് ഡാഷ്ബോര്‍ഡും റോട്ടറി കണ്‍ട്രോള്‍ ഡയലുകളും ഉള്‍ക്കൊള്ളുന്ന ഇന്റീരിയറുകളും വളരെ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു.
ഒരു 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ യൂണിറ്റും അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്്. ഡാഷ്ബോര്‍ഡ് ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ തീമിലാണ് വരുന്നത്.കണ്ണാടികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അതേ മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇന്റീരിയറുകള്‍ക്ക് മിനുസമാര്‍ന്ന ഫിനിഷുണ്ട്. FME പ്ലാറ്റ്ഫോമാണ് ബെസ്റ്റിയൂണ്‍ ഷിയോമ പണിതിരിക്കുന്നത്. ഇതില്‍ ഇവിയും റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ ഡെഡിക്കേറ്റഡ് ഷാസിയും ഉള്‍പ്പെടുന്നു. ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവികള്‍ക്ക് 800 കിലോമീറ്ററും എക്‌സ്റ്റെന്‍ഡറുകള്‍ക്ക് 1,200 കിലോമീറ്ററില്‍ കൂടുതലുമാണ് റേഞ്ച് അവകാശപ്പെടുന്നത്.