ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1,05,155 കോടി രൂപയായി ഉയര്‍ന്നു!
മുംബൈ: കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക മുരടിപ്പ് മാറിവരുന്നതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ വിപണിയില്‍. ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1,05,155 കോടി രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ചുള്ള വര്‍ധന 10 ശതമാനം. 95.379 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ ജിഎസ്ടിവരുമാനം. എട്ടു മാസങ്ങള്‍ക്കു ശേഷമാണ് രാജ്യത്ത് പ്രതിമാസ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്.
മൊത്ത ജിഎസ്ടിയില്‍ 19,193 കോടി രൂപ കേന്ദ്രജിഎസ്ടി ഇനത്തിലും 25411 കോടി സംസ്ഥാന ജിഎസ്ടി ഇനത്തിലും 52540 കോടി രൂപ സംയോജിത ജിഎസ്ടി ഇനത്തിലും ലഭിച്ചു. സെസ് 8011 കോടി രൂപയായി.
മുന്‍മാസങ്ങളെ അപേക്ഷിച്ചുള്ള ഒക്ടോബറിലെ വരുമാനവര്‍ധന സമ്പദ്വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്നു ധനമന്ത്രാലയം അറിയിച്ചു. ജൂലൈയിലെ ജിഎസ്ടി വരുമാനം 87422 കോടിയും ഓഗസ്റ്റിലേത് 86449 കോടിയും സെപ്റ്റംബറിലേത് 95480 കോടിയുമായിരുന്നു. കേരളത്തിന്റെ ഒക്ടോബറിലെ ജിഎസ്ടി വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏഴു ശതമാനം വര്‍ധിച്ച് 1665 കോടി രൂപയായി.
അതേസമയം, ഒക്ടോബറിലെ വൈദ്യുതി ഉപയോഗം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.38 ശതമാനമുയര്‍ന്ന് 110.94 ബില്യണ്‍ യൂണിറ്റായി(ബിയു).
വ്യവസായ മേഖലയിലെ ഉണര്‍വാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 97.84 ബില്യണ്‍ യൂണിറ്റായിരുന്നു.