ഓക്സിജൻ ബീറ്റ്സ് എഐ എഞ്ചിൻ വരുന്ന അമാസ്ഫിറ്റ് ജിടിഎസ് 2 സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു; സവിശേഷതകൾ
ഇന്ത്യയിൽ വിപണിയിലെത്തിയ അമാസ്ഫിറ്റ് ജിടിഎസ് 2 സ്മാർട്ട് വാച്ച് (Amazfit GTS 2) ഇപ്പോൾ രാജ്യത്ത് പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്. ഡിസംബർ 21 മുതൽ ഏറ്റവും പുതിയ സ്മാർട്ട് വാച്ചിന്റെ ഡെലിവറികൾ ആരംഭിക്കുമെന്ന് ഷവോമി സപ്പോർട്ടുള്ള ചൈനീസ് കമ്പനിയായ ഹുവാമി അറിയിച്ചു. ചൈനയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സ്മാർട്ട് വാച്ച് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. കമ്പനിയുടെ പിഎഐ ഹെൽത്ത് അസസ്മെൻറ് സിസ്റ്റം, ബ്ലഡ്-ഓക്സിജൻ സാച്ചുറേഷൻ മെഷർമെന്റ് പരിശോധിക്കുന്നതിനായി ഓക്സിജൻ ബീറ്റ്സ് എഐ എഞ്ചിൻ എന്നിവയാണ് സ്മാർട്ട് വാച്ചിൽ വരുന്നത്. 90 സ്‌പോർട്‌സ് മോഡുകളുള്ള അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, അമാസ്ഫിറ്റ് ജിടിആർ 2 ഇ സ്മാർട്ട് വാച്ചുകൾ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു.
അമാസ്ഫിറ്റ് ജിടിഎസ് 2: വിലയും ലഭ്യതയും
അമാസ്ഫിറ്റ് ജിടിഎസ് 2 സ്മാർട്ട് വാച്ച് ഇപ്പോൾ പ്രീ-ഓർഡറുകൾക്കായി അമാസ്ഫിറ്റ് ഔദ്യോഗിക വെബ്സൈറ്റിൽ 12,999 രൂപയ്ക്ക് ലഭ്യമാണ്. സ്മാർട്ട് വാച്ചിന് മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് 1,799 രൂപ വിലവരുന്ന സ്ട്രാപ്പ് സൗജന്യമായി ലഭിക്കും. ഈ സ്മാർട്ട് വാച്ചിൻറെ ഡെലിവറികൾ ഡിസംബർ 21 മുതൽ ആരംഭിക്കും. സ്മാർട്ട് വാച്ച് ഇപ്പോൾ കറുത്ത നിറത്തിലും ലഭ്യമാകും. ഇത് പിന്നീട് ഡെസേർട്ട് റോസ്, ഗ്രേ നിറങ്ങളിൽ വിപണിയിൽ ലഭ്യമായേക്കാം.
അമാസ്ഫിറ്റ് ജിടിഎസ് 2 എല്ലായ്പ്പോഴും ഓൺ ഡിസ്പ്ലേയിൽ വരുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ ഉപയോഗിച്ച് വാച്ച് ഫെയ്സുകൾ കസ്റ്റമൈസ് ചെയ്യുവാൻ കഴിയും. രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ അളക്കുന്നതിന് ഓക്സിജൻ ബീറ്റ്സ് എഐ എഞ്ചിൻ സ്മാർട്ട് വാച്ചിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് 24 മണിക്കൂർ ഹാർട്ട് റേറ്റ് ട്രാക്കിംഗ്, പേഴ്സണൽ ആക്റ്റിവിറ്റി ഇന്റലിജൻസ് (പിഎഐ) ഹെൽത്ത് അസസ്മെന്റ് സിസ്റ്റം, സ്ലീപ്പ് ക്വാളിറ്റി മോണിറ്ററിംഗ്, സ്ട്രെസ് ഡിറ്റക്ഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട് വാച്ചിൽ 12 ബിൽറ്റ്-ഇൻ സ്പോർട്സ് മോഡുകളും 5ATM വാട്ടർ-റെസിസ്റ്റൻസും വരുന്നു.
വാച്ചിലൂടെ മൊബൈൽ മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കുന്നതിനെ അമാസ്ഫിറ്റ് ജിടിഎസ് 2 സപ്പോർട്ട് ചെയ്യുന്നു. കൂടാതെ, 3 ജിബി ലോക്കൽ മ്യൂസിക് സ്റ്റോറേജുമുണ്ട്. വാച്ചിലൂടെ മ്യൂസിക് നേരിട്ട് കേൾക്കാൻ ഉപയോക്താക്കൾക്ക് അമാസ്ഫിറ്റ് പവർബഡ്സ് വയർലെസ് ഹെഡ്‌ഫോണുകൾ ജോടിയാക്കാം അല്ലെങ്കിൽ അവർക്ക് വാച്ച് സ്പീക്കറിലൂടെ മ്യൂസിക് പ്ലേ ചെയ്യാനും കഴിയും. പവർ സേവിംഗ് മോഡ് ഉപയോഗിക്കുമ്പോൾ ഒരാഴ്ചത്തെ പതിവ് ഉപയോഗം അല്ലെങ്കിൽ 20 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 246 എംഎഎച്ച് ബാറ്ററിയാണ് അമാസ്ഫിറ്റ് ജിടിഎസ് 2ൽ വരുന്നത്.