ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് ‘അജ്ഞാത അസുഖം
ഈ വർഷം അവസാനത്തോടെയോ, അല്ലെങ്കിൽ അടുത്തവർഷം ആദ്യമോ ഓക്സ്ഫഡ് വാക്സിൻ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പരീക്ഷണത്തിനിരയായ ആൾക്ക് രോഗം കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലികമായാണ് പരീക്ഷണം നിർത്തിവെച്ചത്
ന്യൂഡൽഹി: കൊവിഡ് വാക്സിൻ പ്രതീക്ഷകൾക്ക് താൽക്കാലിക തിരിച്ചടിയായി ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് ‘അജ്ഞാത അസുഖം’. ഇതേത്തുടർന്ന് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കൊവിഡ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകനാണ് അജ്ഞാത അസുഖം പിടിപ്പെട്ടതെന്ന് കമ്പനിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽജസീറയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോകത്ത് കൊവിഡ് പരീക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന വാക്സിനാണ് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടേത്. ഈ വർഷം അവസാനത്തോടെയോ, അല്ലെങ്കിൽ അടുത്തവർഷം ആദ്യമോ ഓക്സ്ഫഡ് വാക്സിൻ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടയിലാണ് കുത്തിവെപ്പ് സ്വീകരിച്ചയൊരാൾക്ക് അജ്ഞാത അസുഖം കണ്ടെത്തിയതും പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചതും.
സന്നദ്ധപ്രവർത്തകന് ബാധിച്ച അസുഖത്തിന്‍റെ സ്വഭാവവും എപ്പോഴാണ് രോഗബാധിതനായതെന്നുമുൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഇയാൾ സുഖം പ്രാപിക്കുമെന്നാണ് കരുതുന്നതെന്നാണ് ആരോഗ്യ വെബ്സൈറ്റായ സ്റ്റാറ്റ് ന്യൂസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
‘വലിയ പരീക്ഷണങ്ങളിൽ രോഗങ്ങൾ ആകസ്മികമായി സംഭവിക്കുമെങ്കിലും ഇത് ശ്രദ്ധാപൂർവം പരിശോധിക്കുകയും സ്വതന്ത്രമായി അവലോകനം ചെയ്യേണ്ടതുമുണ്ട്.’ അസ്ട്രാസെനെക വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു. നിലവിൽ ലോകത്തെ വിവിധയിടങ്ങളിൽ ഓക്സഫഡ് വാക്സിൻ പരീക്ഷണം നടക്കുന്നുണ്ട്. സന്നദ്ധപ്രവർത്തകന്‍റെ നിലവിലെ അവസ്ഥയെ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ജൂലായ് 20നാണ് ഓക്സ്ഫഡ് സര്‍വകലാശാല കൊവിഡ്-19 വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളാണ് പരീക്ഷണത്തോട് സഹകരിച്ച് വരുന്നത്. കൊവിഡ് വാക്സിൻ പരീക്ഷണം അവസാനഘട്ടത്തിലാണിപ്പോൾ. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങൾ വിജയകരമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു