ഓടുന്ന തീവണ്ടികളിലെ ഇന്റർനെറ്റ് പദ്ധതി ചെലവ് താങ്ങാനാകാതെ ഉപേക്ഷിച്ചു !  

തൃശ്ശൂർ: ഓടുന്ന തീവണ്ടികളിൽ ഉപഗ്രഹസംവിധാനത്തിലൂടെ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള പദ്ധതി റെയിൽവേ ഉപേക്ഷിച്ചു. യാത്രക്കാർക്ക് സൗജന്യമായി നൽകുമെന്നു പറഞ്ഞിരുന്ന സംവിധാനം ഉപേക്ഷിക്കാൻ കാരണം അമിതചെലവ് തന്നെ. ദീർഘവീഷണമില്ലാതെയും പരിമിതി മനസ്സിലാക്കാതെയും നടത്തിയ പ്രഖ്യാപനമാണ് ഉപേക്ഷിച്ചത്.

2019-ലെ ബജറ്റിൽ അന്നത്തെ റെയിൽവേമന്ത്രി പീയുഷ് ഗോയലാണ് പദ്ധതി അവതരിപ്പിച്ചത്. അടുത്ത നാലു വർഷത്തിനകം രാജ്യത്തെ എല്ലാ തീവണ്ടികളിലും തടസ്സമില്ലാത്ത ഇൻറർനെറ്റ് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, അതിന് വലിയ സാമ്പത്തികച്ചെലവ് ഉണ്ടാകുമെന്ന കാര്യം പരീക്ഷണയോട്ടം നടത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. ന്യൂഡെൽഹി – ഹൗറ രാജധാനി എക്സ്പ്രസിലാണ് പരീക്ഷണം നടത്തിയത്.

രാജ്യത്തിന്റെ ഉപഗ്രഹങ്ങളിലെ ട്രാൻസ്പോണ്ടറുകളിൽ നിന്ന്, ടവറുകൾ വഴിയല്ലാതെ, നേരിട്ട് സിഗ്നലുകൾ ഓടുന്ന വണ്ടിയിൽ എത്തിക്കുന്ന രീതിയാണിത്. എന്നാൽ, ഹൗറ രാജധാനിയിൽ ഇത് പരീക്ഷിച്ചപ്പോൾ ദുർബലമായ സിഗ്നലാണ് യാത്രക്കാരുടെ ഫോണുകളിൽ കിട്ടിയത്. 10 എം.ബി.പി.എസ്. സ്പീഡ് മാത്രമുള്ള ഡേറ്റയായിരുന്നു അത്.ഒരു ട്രാൻസ്പോണ്ടറിന് പ്രതിമാസം 10 ലക്ഷം രൂപയാണ് വാടക. ഒരു തീവണ്ടി ഓടുമ്പോൾ നിരവധി ട്രാൻസ്പോണ്ടറുകളുടെ ഉപയോഗം വേണ്ടിവരും. ഉദാഹരണത്തിന് ന്യൂഡെൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്സ്പ്രസിൽ ഈ സംവിധാനം ഏർപ്പെടുത്തണമെങ്കിൽ ചുരുങ്ങിയത് 400 ട്രാൻസ്പോണ്ടറുകളുടെയെങ്കിലും സഹായം വേണ്ടിവരും.ഇങ്ങനെ വരുമ്പോൾ പ്രതിമാസം ഒരു തീവണ്ടിക്കുമാത്രം വലിയ തുക വേണ്ടി വരും. യാത്രക്കാരിൽനിന്ന് ഇതിനു മാത്രമായി നിരക്ക് ഈടാക്കിയാലും മുടക്കുന്ന തുകയുടെ നൂറിലൊരംശം പോലും കിട്ടില്ല.

തുക ഈടാക്കി സംവിധാനം ഏർപ്പെടുത്തിയാലും ഡേറ്റ സ്പീഡിലെ കുറവുമൂലം റെയിൽവേ പഴി കേൾക്കേണ്ടി വരുമെന്നാണ് ഹൗറ എക്പ്രസിലെ പരീക്ഷണം തെളിയിച്ചത്.യാത്രക്കാർക്ക് ഇൻറർനെറ്റ് തടസ്സമില്ലാതെ എത്തിക്കാൻ പാളങ്ങളുടെ സമീപത്ത് നിശ്ചിത ദൂരത്തിൽ ടവറുകൾ സ്ഥാപിക്കുക എന്ന നിർദേശം മുമ്പ് ഉണ്ടായിരുന്നു. അത് പരിഗണിക്കാതെയാണ് ഉപഗ്രഹ ചിന്തകളിലേക്ക് അധികൃതർ കടന്നതും ഇപ്പോൾ ഉപേക്ഷിച്ചതും.

ഇൻറർ സെല്ലുലർ ടവറുകൾ സ്ഥാപിക്കുക വഴി വിവിധ മൊബൈൽ സേവനദാതാക്കളുടെ സിഗ്നൽ ഓടുന്ന വണ്ടിയിയിലും എത്തിക്കാനാവും. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ബുള്ളറ്റ് ​െട്രയിനുകൾ ഓടുന്ന റൂട്ടുകളിൽ ഈ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുമുണ്ട്.കേരളത്തിന്റെ അർധ അതിവേഗ റെയിൽ പദ്ധതിയായ കെ-റെയിലിലും അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കാൻ ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന നിർദേശം ടെലികോം രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team