ഓണക്കാലത്ത് റെക്കോര്‍ഡ് പാൽ വിൽപ്പനയുമായി മിൽമ. വിറ്റത് 61 ലക്ഷം ലിറ്റർ
മൂന്ന് ദിവസങ്ങളായി 61 ലക്ഷം ലിറ്റര്‍ പാൽ ആണ് കമ്പനി വിറ്റഴിച്ചത്. വിവിധ കമ്പനികൾ ഓണക്കാലത്ത് വിറ്റഴിച്ച പാലിന് പുറമെയാണിത്.
മിൽമ പാൽ വിൽപ്പന
കൊച്ചി: ഓണക്കാലത്ത് മിൽമയുടെ പാൽ വിൽപ്പന റെക്കോര്‍ഡ് ആയി. ഓണത്തോട് അനുബന്ധിച്ചുള്ള പൂരാടം, ഉത്രാടം, തിരുവോണം ദിനങ്ങളിൽ മാത്രം 61 ലക്ഷം ലിറ്റര്‍ പാൽ ആണ് മിൽമ വിറ്റത് . ഏഴു ലക്ഷം ലിറ്റര്‍ തൈരാണ് വിൽപ്പന നടന്നത്. മിൽമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പനയാണ് ഓണക്കാലത്ത് നടന്നതെന്ന് മിൽമ ചെയര്‍മാൻ പി.എ ബാലൻ വ്യക്തമാക്കി.
ഓണക്കാലത്ത് പാൽക്ഷാമം ഒഴിവാക്കുന്നതിനായി മിൽമ നടപടികൾ സ്വീകരിച്ചിരുന്നു. തമിഴ്നാട് മിൽക്ക് ഫെഡറേഷൻ, കര്‍ണാടക മിൽക്ക് ഫെഡറേഷൻ എന്നിവയിൽ നിന്നും പാൽശേഖരിച്ചിരുന്നു. .കഴിഞ്ഞ വര്‍ഷം പൂരാടം, ഉത്രാടം ദിനങ്ങളിൽ 46.6ലക്ഷം ലിറ്റര്‍ പാൽ ആയിരുന്നു വിറ്റത്. 5.89 ലക്ഷം തൈരും.
ലോക്ക് ഡൗൺ കാലത്ത് മിൽമയുടെ പാൽ വിൽപ്പനയിൽ റെക്കോര്‍ഡ് വര്‍ധനയുണ്ടായിരുന്നു. ഓൺലൈനിലൂടെയായിരുന്നു വിൽപ്പനയിൽ അധികവും. മൂന്ന് മടങ്ങായിരുന്നു ഓൺലൈൻ വിൽപ്പനയിലെ വര്‍ധന. തിരുവനതന്തപുരം, എറണാകുളം ജില്ലകളിൽ മാത്രം എംനീഡ്സ് എന്ന സ്ഥാപനം ദിവസേന 8000ത്തോളം മിൽമ പാൽ പാക്കറ്റുകൾ വീടുകളിൽ എത്തിയ്ക്കുന്നുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഈ സേവനം തുടങ്ങിയത്.
കുട്ടികൾക്കായി അടുത്തിടെ ശുദ്ധമായ പശുവിൻ പാൽ മിൽമ വിപണിയിൽ എത്തിച്ചിരുന്നു.മലബാര്‍ യൂണിയനാണ് പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പാൽ എത്തിച്ചത്. ഡിമാൻഡ് കണക്കിലെടുത്ത് കൂടുതൽ സ്ഥലങ്ങളിലേക്ക് കുട്ടികൾക്കായുള്ള പാൽവിൽപ്പന വ്യാപിപ്പിച്ചേക്കും എന്നാണ് സൂചന.