ഓണത്തിന് നമ്മുടെ പൂക്കൾ; വിളവെടുപ്പിനൊരുങ്ങി പുല്ലൂർ പെരിയയിലെ മല്ലികപ്പൂക്കൾ  

നമ്മുടെ ഓണത്തിന് നമ്മുടെ നാട്ടിലെ പൂക്കൾ, സംസ്ഥാന സർക്കാർ ഏറ്റെടുത്ത കാസർകോടിന്റെ ക്യാമ്പയിനിന് മാതൃകയൊരുക്കി പുല്ലൂർ പെരിയ പഞ്ചായത്ത്. 31 ഏക്കർ സ്ഥലത്ത് പത്ത് പ്ലോട്ടുകളിലാക്കി തിരിച്ച് നടത്തിയ മിശ്ര കൃഷിക്ക് വരമ്പുകളിൽ നിറയെ മഞ്ഞയും ഓറഞ്ചും നിറത്തിൽ മല്ലികപൂ നിറഞ്ഞു. പൂവിളികളുയർന്നതോടെ നാടാകെ പൂക്കൊട്ടകളുമായി ഗ്രാമീണതയിലേക്ക് അലിഞ്ഞ് നാട്ടു പൂക്കൾ ശേഖരിക്കുമ്പോൾ കൃഷിയിടത്തിൽ പൂക്കൾ വിരിയിച്ച് മാതൃകയാവുകയാണ് ഈ പഞ്ചായത്ത്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചാലിങ്കാൽ രാവണേശ്വരം പാതയോരത്ത് തരിശ്ശായി കിടന്ന് തീപ്പിടുത്തം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്.

പെരിയ അഗ്രോസർവ്വീസ് സെന്റർ പൂർണ്ണമായും ഏറ്റെടുത്ത് ആദ്യ ഘട്ടത്തിൽ നാല് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് ഇളക്കി. ശേഷം ട്രാക്ടർ ഇറക്കി മണ്ണിനെ കൃഷിയോഗ്യമാക്കി. പിന്നീട് മൂന്നാം ഘട്ടമായി തൊഴിലുറപ്പ് പ്രവർത്തകരെ ഏൽപ്പിച്ച് കൃഷിഭൂമി വിവിധ പ്ലോട്ടുകളായി തിരിച്ചു. അഗ്രോ സർവ്വീസ് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യമായി നടീൽ വസ്തുക്കൾ വിതരണം ചെയ്തു. ഇവിടെ നെല്ല്, കിഴങ്ങ് വർഗ്ഗങ്ങൾ, മഞ്ഞൾ, കൂവ തുടങ്ങി വിവിധ ഇനങ്ങൾ കൃഷി ചെയ്തു. ഫാർമേഴ്‌സ് ക്ലബ്ബുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ബാങ്കുകൾ തുടങ്ങി വിവിധ സംഘങ്ങൾ കൃഷി ഇറക്കി. ഓരോ സംഘത്തിന്റേയും കൃഷി ഭൂമിക്ക് ചുറ്റുമായി മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള മല്ലികപൂക്കൾ നട്ടു.

ഈ സമയത്ത് നെല്ലിനേയും മറ്റ് വിളകളേയും കീടങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഒരു മികച്ച ജൈവ കീട നിയന്ത്രണ രീതി എന്ന നിലയിലും ഓണപ്പൂക്കൾ വിളവെടുക്കാം എന്ന ആശയത്തിന്റെ പുറത്തുമാണ് പൂ കൃഷി നടത്തിയത്. പൂക്കളുടെ തൈകൾ കൃഷിഭവനിൽ നിന്നും വീടുകളിൽ നിന്നുമായി ശേഖരിച്ചു. ഉടൻ വിളവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. പഞ്ചായത്തിലാകെ നൂറ് ഏക്കറോളം തരിശ് ഭൂമിയിൽ ഇത്തവണ കൃഷി ഇറക്കിയിട്ടുണ്ടെന്നും പല സംഘങ്ങളുടേയും പച്ചക്കറികൾ ഓണ വിപണിയിലേക്ക് എത്തിക്കുവാൻ സാധിക്കുമെന്നും പുല്ലൂർപെരിയ കൃഷി ഓഫീസർ പ്രദീപ് കുമാർ പറഞ്ഞു.

31 ഏക്കർ സ്ഥലത്ത് വിവിധ വിളകളൊരുക്കിയ പുല്ലൂർ പെരിയ പഞ്ചായത്തിലെ കൃഷിയിടം കൃഷി വിദഗ്ധ സംഘം സന്ദർശിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എ.ഡി.എ സ്മിത ഹരിദാസ്, കാസർകോട് കൃഷി ടെക്‌നിക്കൽ അസിസ്റ്റന്റ് ജ്യോതികുമാരി കെ.എൻ, പെരിയ കൃഷി ഓഫീസർപ്രമോദ്കുമാർ പി എന്നിവർ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team